രാജി സഹകരണമില്ലെങ്കിൽ മാത്രം – മോഹൻലാൽ

രാജി സഹകരണമില്ലെങ്കിൽ മാത്രം – മോഹൻലാൽ

കൊച്ചി : നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് താരസംഘടനായ ‘അമ്മ’ കൈക്കൊണ്ട നിലപാടുകൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. കുറ്റാരോപിതനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തിന് പിന്നാലെ ആക്രമണത്തിനിരയായ നടിയുൾപ്പെടെ നാല് പേർ സംഘടനയിൽ നിന്ന് രാജിവച്ചിരുന്നു.

ഇതോടെ പൊതുസമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ട സംഘടന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു ശ്രമം എന്ന നിലയിൽ നടിയുടെ കേസിൽ കക്ഷി ചേരുന്നതിനായും ശ്രമിച്ചിരുന്നു.വനിതാ-ജഡ്ജി വേണമെന്നും വിചാരണ തൃശ്ശൂരിലേക്ക് മാറ്റണമെന്നും പരിചയസമ്പത്തുള്ള പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രചന നാരായൺകുട്ടിയും ഹണി റോസും കക്ഷി ചേരാൻ ശ്രമിക്കുകയായിരുന്നു.
ഇതേ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനുള്ള മോഹൻലാലിൻറെ തീരുമാനം സംഘടനയിലുള്ളവർ തന്നെ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മോഹൻലാൽ രാജിവയ്ക്കാൻ പോകുകയാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹൻലാൽ മാധ്യമങ്ങളോട് സംസാരിച്ചത്.

പ്രതിഷേധം അറിയിച്ച നടീനടന്മാരായ രേവതി, പാർവതി, പദ്മപ്രിയ, ജോയ് മാത്യു, ഷമ്മി തിലകൻ എന്നിവരുമായുള്ള ചർച്ചയ്ക്കിടയിലായിരുന്നു പത്രസമ്മേളനം.താൻ രാജിവയ്ക്കാൻ ശ്രമിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച്‌ മുന്നോട്ട് പോകാനാണ് താല്പര്യം എന്നും അംഗങ്ങളുടെ ഭാഗത്ത്‌ നിന്ന് സഹകരണമില്ലാത്ത ഒരവസ്ഥ വന്നാൽ മാത്രമേ രാജിയെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനയുടെ നിലപാടുകളെ ചോദ്യം ചെയ്ത് കത്ത് നൽകിയ നടിമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും ഉടൻ വനിതാസെൽ രൂപീകരിക്കാനുള്ള നടപടികളെടുക്കുമെന്നും തുറന്ന ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കത്തിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വളരെ ആരോഗ്യപരമായ രീതിയിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും, ഡബ്ല്യൂ സി സിയുടെ അംഗങ്ങൾ എന്ന നിലയിലല്ല അമ്മയുടെ ഭാരവാഹികൾ എന്ന നിലയിലാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്നും രേവതി, പാർവതി, പദ്മപ്രിയ എന്നിവർ പ്രതികരിച്ചു.
അതേസമയം,നടിയുടെ കേസിൽ ‘അമ്മ’ യ്ക്ക് എന്ത് ചെയ്യാനാകും എന്ന രീതിയിലുള്ള ചർച്ചകൾ രചന, ഹണിറോസ് എന്നിവരുമായി നടത്തിയിരുന്നെന്നും പക്ഷെ കക്ഷി ചേരാനുള്ള തീരുമാനം അവരുടെ സ്വന്തം ഇഷ്ട്ടപ്രകാരമുള്ളതായിരുന്നെന്നും ജഗദീഷ് മാധ്യമങ്ങളോടായി പറഞ്ഞു. അതിൽ വന്ന നിയമപരമായ പിശകുകൾ തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*