ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഇനി സനാ മാരിൻ

ഫിന്‍ലാന്‍ഡ്: യൂറോപ്യന്‍ രാജ്യമായ ഫിന്‍ലാന്‍ഡിന്റെ മുഖമാകുകയാണ് സനാ മാരിന്‍. രാഷ്ട്രീയ രംഗത്ത് പുതുമുഖമൊന്നുമല്ലെങ്കിലും ഇന്ന് മാരിനെ തേടി ഒരു പുതുമയുള്ള റെക്കോര്‍ഡ് എത്തുകയാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണം ഇനി സനാ മാരിന് സ്വന്തമായിരിക്കും. 34 കാരിയായ സനാ മാരിന്‍ ഈ ആഴ്ച അവസാനമായിരിക്കും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

ആന്റി റിന്നെ രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഗതാഗതമന്ത്രിയായിരുന്ന മാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഈ ആഴ്ച അവസാനമായിരിക്കും സത്യപ്രതിജ്ഞ. അഞ്ച് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യത്തിന്റെ പിന്തുണയാണ് സനാ മാരിനുള്ളത്. “വിശ്വാസം തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ക്ക് വളരെയധികം ജോലികള്‍ ചെയ്യാനുണ്ട്,” ഞായറാഴ്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി വോട്ടെടുപ്പിന് ശേഷം മാരിന്‍ പറഞ്ഞു.

“എന്റെ പ്രായത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന്റെ കാരണങ്ങളെക്കുറിച്ചും വോട്ടര്‍മാരുടെ വിശ്വാസം നേടിയ കാര്യങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്.” മാരിന്‍ പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാകുകയാണ് സനാ മാരിന്‍. 35 ാം വയസില്‍ യുക്രേനിയന്‍ പ്രധാനമന്ത്രിയായ ഒലെക്‌സി ഹോഞ്ചുറൂക്കും 39 ാം വയസില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ദ ആഡേണുമായിരുന്നു ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിമാര്‍.

ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവന്നിരുന്നു. രാജ്യത്ത് തുടരുന്ന പണിമുടക്കുകള്‍ കൈകാര്യം ചെയ്ത രീതിയുടെ പശ്ചാത്തലത്തില്‍ റിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സഖ്യത്തിലെ പാര്‍ട്ടികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മാരിന് നറുക്ക് വീണത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply