തെളിവ് നശിപ്പിക്കാന്‍ ആശുപത്രി അധികൃതരും പൊലീസും കൂട്ടുനില്‍ക്കുന്നു’; സനല്‍കുമാര്‍ ശശിധരന്‍

‘തെളിവ് നശിപ്പിക്കാന്‍ ആശുപത്രി അധികൃതരും പൊലീസും കൂട്ടുനില്‍ക്കുന്നു’- പിതൃസഹോദരി പുത്രിയുടെ ദുരൂഹമായ കോവിഡ് മരണത്തിനു പിന്നില്‍ അവയവ കച്ചവടമാണെന്ന് സനല്‍കുമാര്‍ ശശിധരന്‍

പിതൃസഹോദരി പുത്രിയുടെ ദുരൂഹമായ കോവിഡ് മരണത്തിനു പിന്നില്‍ അവയവ കച്ചവടമാണെന്ന തുറന്നുപറച്ചിലുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. പൊലീസുകാര്‍ ഉള്‍പ്പെടെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച അദ്ദേഹം അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ ആരോപണങ്ങള്‍.

സനല്‍കുമാര്‍ ശശിധരന്റെ വാക്കുകള്‍
”അച്ഛന്റെ സഹോദരിയുടെ മകള്‍ സന്ധ്യ(40) ഏഴിനാണു മരിച്ചത്. കോവിഡ് ഭേദമായി ഭര്‍തൃവീട്ടിലെത്തിയ ശേഷം പെട്ടെന്നു രോഗം കൂടി. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

മരണ ശേഷമാണു സന്ധ്യയുടെ സഹോദരനെ വിവരം അറിയിച്ചത്. ദുരൂഹത തോന്നിയതു കൊണ്ടു സഹോദരന്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു. അടുത്ത ദിവസം കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിന്നീട് നെയ്യാറ്റിന്‍കര പൊലീസ് മൃതദേഹ പരിശോധന നടത്തുമ്പോള്‍ സഹോദരന്‍ രാധാകൃഷ്ണനൊപ്പം ഞാനും ആശുപത്രിയിലെത്തി. മൃതദേഹം പരിശോധിക്കുമ്പോള്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല.

മൃതദേഹത്തിന്റെ വലതു കൈത്തണ്ടയില്‍ ചതവു പോലുള്ള പാടും ഇടതു കണ്ണിനു താഴെ ചോരപ്പാടും കഴുത്തില്‍ വരഞ്ഞതു പോലുള്ള പാടും കണ്ടു. അതിന്റെ ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ബലം പ്രയോഗിച്ച് എന്നെ മോര്‍ച്ചറിയുടെ പുറത്താക്കി. പിന്നീട് അവര്‍ പുറത്തു വന്നപ്പോള്‍ നിര്‍ബന്ധം പിടിച്ചാണു ഫോട്ടോ എടുപ്പിച്ചത്. ഇതെല്ലാം ഇന്‍ക്വസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടെന്നു പറഞ്ഞെങ്കിലും വായിച്ചു കേള്‍പ്പിക്കില്ലെന്ന നിലപാടിലായിരുന്നു.

രാധാകൃഷ്ണനോടു വെള്ളക്കടലാസില്‍ ഒപ്പിട്ടു കൊടുക്കാന്‍ പറഞ്ഞപ്പോള്‍ എതിര്‍ത്തു. ഇതോടെ എസ്‌ഐ ഞങ്ങളെ അവിടെ നിന്നു പുറത്താക്കാന്‍ ശ്രമിച്ചു. ഞാന്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെ വിളിച്ചു സംസാരിച്ച ശേഷവും റിപ്പോര്‍ട്ട് കാണിച്ചില്ല.

സിഐ എത്തി സംശയകരമായ അടയാളങ്ങളും എഴുതിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ച ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയത്. എന്നാല്‍ അവിടെ നടത്തിയ പരിശോധനയില്‍ സന്ധ്യയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു. അങ്ങനെയെങ്കില്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെ പരിശോധനയില്‍ നെഗറ്റീവായത് എങ്ങനെ?

2018ല്‍ സന്ധ്യ തന്റെ കരള്‍ 10 ലക്ഷം രൂപയ്ക്ക് ഒരാള്‍ക്കു വിറ്റിരുന്നു എന്നു പിന്നീടറിഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ കഴിയും വരെ ഭര്‍ത്താവും സഹോദരനുമടക്കം ആരും അറിഞ്ഞിരുന്നില്ല. സന്ധ്യ ആരോടും പറയാതെ എറണാകുളത്തെ ആശുപത്രിയിലെത്തിയ ശേഷം എറണാകുളത്ത് തന്നെ നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന മകളെ വിളിച്ചു വരുത്തി അവയവദാന ശസ്ത്രക്രിയയ്ക്ക് സമ്മതപത്രം വാങ്ങി നല്‍കുകയായിരുന്നു. ഇക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞതായാണു മകള്‍ പറയുന്നത്.

സന്ധ്യയ്ക്ക് ഹൃദയ-വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെയൊരാളെ എങ്ങനെ അവയവദാന ശസ്ത്രക്രിയയ്ക്കു വിധേയമാക്കി എന്നു ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായി മകള്‍ പറഞ്ഞു.

എഴുത്തും വായനയും അറിയാത്ത സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് എത്തി എന്നതും വിശ്വസനീയമല്ല. മറ്റ് അവയവങ്ങള്‍ വിറ്റിട്ടുണ്ടോ എന്നും സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിച്ചാല്‍ തെളിവ് നശിക്കും. കേരളത്തില്‍ അവയവ കച്ചവട മാഫിയ ഉണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് ദുരൂഹമായ ഈ മരണവും.”

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*