സഞ്ജു സാംസണെ ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ഭയമോ?

ഒരു കളി പോലും കളിപ്പിക്കാതെ അര്‍ഹതയുള്ളവനെ പുറത്തുനിര്‍ത്തുമ്പോള്‍ പ്രതിഷേധിക്കുന്നവരുടെ മുറവിളി കൂടുതലാകുന്നതു സ്വാഭാവികം. തത്ക്കാലത്തേക്കു കാറ്റൊന്നു ശമിപ്പിക്കാന്‍ ഇന്ത്യയുടെ 15 അംഗ ടീമിലേക്കു തെരഞ്ഞെടുക്കുകയും ഒരു കളി പോലും കളിപ്പിക്കാതെ അടുത്ത ടൂര്‍ണമെന്റില്‍ ഒഴിവാക്കുകയും ചെയ്യുന്ന രീതി ഇന്ത്യന്‍ ക്രിക്കറ്റില്‍ പതിവാണ്. അല്ലെങ്കില്‍ ഒരു കളിയില്‍ അവസരം കൊടുക്കുകയും അതില്‍ പരാജയമായാല്‍ അപ്പോഴേ എടുത്തുകളയുകയും ചെയ്യും.

ഇവിടെ എന്തായാലും കീപ്പിങ്ങിലും ബാറ്റിങ്ങിലും ബെറ്റര്‍ ടെക്‌നിക്ക് ഉള്ളൊരു ബാറ്റ്‌സ്മാന് ഒരവസരം നല്‍കിക്കഴിഞ്ഞു. അയാളെങ്ങാന്‍ ഫോമിലായാല്‍ പിന്നെ യാതൊരു ഒഴിവുകഴിവും വിലപ്പോകില്ല എന്ന ഭീതികൊണ്ട് സെലക്ടര്‍മാര്‍ അവസരം നല്‍കാതിരുന്നതാണ് എന്നു കരുതണോ വേണ്ടയോ എന്നത് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീം അനൗണ്‍സ്‌മെന്റ് കഴിഞ്ഞു വെളിപ്പെടുമെന്നത് ഉറപ്പായിരുന്നു.

ബംഗ്ലാദേശ് പരമ്പരക്കുള്ള 15 അംഗ ടീമിലെടുത്ത ശേഷം ഒരവസരം പോലും നല്‍കാതെ നിര്‍ത്തിയ സഞ്ജു സാംസണെ ഇത്തവണ ടീമില്‍ നിന്നു തന്നെ ഒഴിവാക്കിയിരിക്കുന്ന സെലക്ഷന്‍ കമ്മിറ്റി കോമാളിക്കൂട്ടമെന്ന സ്വന്തം വിളിപ്പേരു മാറ്റാനുള്ള സമയമായിട്ടില്ലെന്ന് ഇന്ത്യക്കാരെ ഓർമ്മിപ്പിക്കുന്നു. മൊഹീന്ദര്‍ അമര്‍നാഥ് എത്ര കൃത്യമായിട്ടാണവരെ അഭിസംബോധന ചെയ്തത്!

ഋഷഭ് പന്ത് കടുത്ത സമ്മര്‍ദ്ദത്തിലാണുള്ളത്, അയാളെ വെറുതെ വിടൂ എന്നു പറയുന്ന സുനില്‍ ഗവാസ്‌കറും രോഹിത് ശര്‍മയും സൗകര്യപൂര്‍വം മറന്നുപോകുന്നുവോ ഹൈപ്പിനൊപ്പം വരുന്നതാണ് സമ്മര്‍ദ്ദവും എന്ന വസ്തുത?

ചെറുപ്പത്തില്‍ത്തന്നെ അസാമാന്യപ്രതിഭ എന്നു വാഴ്ത്തപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഹൈപ്പിനൊപ്പം സമ്മര്‍ദ്ദവും പേറിക്കൊണ്ട് എത്തിപ്പെടുന്നത് സിയാല്‍കോട്ടിലെ ഒരു ഗ്രീന്‍ ട്രാക്കില്‍ വസീം അക്രവും ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസും നയിക്കുന്ന, എങ്ങനെ നോക്കിയാലും ഇന്നത്തെ ഏതൊരു ലോകോത്തര പേസ് ആക്രമണത്തെക്കാളും കുറച്ചധികം പടികള്‍ മുന്നില്‍ നില്‍ക്കുന്ന ഒരു ഭീഷണമായ ആക്രമണത്തെ നേരിട്ടുകൊണ്ടാണ്.

ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടു പയ്യനെ ഭയപ്പെടുത്തിയോ പരിക്കേല്‍പ്പിച്ചോ പുറത്താക്കാന്‍ വസീം അക്രവും വഖാറും നടത്തിയ ശ്രമങ്ങളെ, വഖാറിന്റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടു പോലും പതറാതെ നേരിട്ട തെണ്ടുല്‍ക്കര്‍ എന്ന അന്നത്തെ പയ്യന്‍, ഒരു ശതമാനം പോലും അധികമില്ല തന്നെ ചുറ്റിയുള്ള ഹൈപ്പ് എന്നാണു സമാനതകളില്ലാത്ത കരിയര്‍ ഗ്രാഫ് കൊണ്ടു തെളിയിച്ചത്.

ഹൈപ്പുമായി വരുന്ന ഏതൊരു യുവതാരത്തിനും തെണ്ടുല്‍ക്കറെ പോലെയാകാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ പ്രതിഭയോടു കുറച്ചെങ്കിലും നീതി പുലര്‍ത്തുന്ന പ്രകടനങ്ങളാണു ഒരു പന്തിൽനിന്നും പ്രതീക്ഷിക്കുന്നത്.

ഋഷഭ് പന്ത് ഇതുവരെ നിരാശപ്പെടുത്തിയെന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്. 12 ഏകദിനവും 20 ട്വന്റി20യും കളിച്ചുകഴിഞ്ഞ പന്തിന് ഇനിയും അവസരം നല്‍കി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നല്ല പറയുന്നത്.

അതിന്റെ പകുതി അവസരമെങ്കിലും സഞ്ജു സാംസണ്/ഇഷാന്‍ കിഷനു നല്‍കി നോക്കുന്നതിന് ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ഭയമോ? കേരളത്തിൽനിന്നുള്ള കഴിവ് തെളിയിച്ച കളിക്കാരെ നോക്കുകുത്തികളാക്കുന്നതിനും ഒതുക്കുന്നതിനും ഇതിനു മുൻപും വ്യക്തമായ ഉദാഹരണങ്ങളുണ്ട്.

ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ ഒരു തകര്‍പ്പന്‍ 91 അടിച്ച ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ ഒരിന്ത്യക്കാരന്റെ ഏറ്റവും വേഗതയാര്‍ന്ന ഡബിള്‍ സെഞ്ച്വറി ഗോവക്കെതിരെ (50 ഓവര്‍ ഫോര്‍മാറ്റില്‍) അടിച്ചെടുത്ത സഞ്ജു, മറികടന്നത് ശിഖര്‍ ധവാന്റെയും സാക്ഷാല്‍ വീരേന്ദര്‍ സെവാഗിന്റെയും വേഗതയെയാണ്.

നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടത് അത്ഭുതമൊന്നും ഉളവാക്കിയില്ല. ഒരു മത്സരമെങ്കിലും കളിക്കാനുള്ള അവസരം കിട്ടുമെന്നുതന്നെ കരുതിയെങ്കിലും അതുണ്ടായില്ല എന്നതാണ് അദ്ഭുതം. പ്രത്യേകിച്ചും നിലവിലെ വിക്കറ്റ് കീപ്പര്‍ തന്റെ പരിതാപകരമായ ഫോം തുടരുന്ന സാഹചര്യത്തിലായിട്ടുപോലും.

ആദ്യ മത്സരത്തില്‍ 26 പന്തില്‍ 27 റണ്‍സെടുത്ത് ഇഴഞ്ഞുനീങ്ങിയ പന്ത് മൂന്നാമത്തെ കളിയില്‍ ഒമ്പതു ബോളില്‍ നിന്ന് ആറ് റണ്‍സാണെടുത്തത്. രണ്ടു കളികളിലും പന്തിനൊപ്പം ബാറ്റ് ചെയ്തിരുന്നവര്‍ 160-നു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ഹിറ്റ് ചെയ്യുമ്പോഴാണ് ഇതെന്നോര്‍ക്കണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*