‘വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല; അജിത് പവാറിന്റെ നടപടിക്കെതിരെ എന്‍.സി.പി രംഗത്തെത്തുമെന്ന് ഉദ്ദവ് താക്കറെയോട് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിച്ച എന്‍.സി.പി നേതാവ് അജിത് പവാറിന്റെ നടപടിയ്‌ക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കുമെന്ന് സൂചന നല്‍കി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് വെറുതെ വിടാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും പാർട്ടിയെ പിളർത്താൻ ശ്രമിച്ച അജിത് പവാർ ശിക്ഷ അർഹിക്കുന്നു എന്നും പവാര്‍ ഉദ്ദവ് താക്കറെയോട് പറഞ്ഞു.

അജിത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരം മാത്രമായിരുന്നെന്നും തങ്ങള്‍ക്ക് അതില്‍ അറിവില്ലെന്നും നേരത്തെ പവാര്‍ പ്രതികരിച്ചിരുന്നു.

” അജിത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരമാണ്. ഇത്തരമൊരു തീരുമാനം എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ അറിവോടെയല്ല. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്” എന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകള്‍.

അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാവാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറാകാതെ വന്നതോടെ മുന്‍ സഖ്യകക്ഷികളായിരുന്ന ബി.ജെ.പിയും ശിവസേനയും വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് ശിവസേനയും കോണ്‍ഗ്രസും എന്‍.പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഉദ്ധവ് താക്കറെ ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ കൂടികാഴ്ച്ചയില്‍ തീരുമാനമായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply