ഷഹലയുടെ ഓര്‍മകളില്‍ നനഞ്ഞ്‌ അവർ പഠനം തുടരുന്നു

ഷഹലയുടെ കളിചിരികളും തമാശകളും മായാത്ത സ്‌കൂള്‍ മുറ്റത്തേക്ക്‌ കാലെടുത്തുവച്ചപ്പോള്‍ അവരുടെ നെഞ്ചിടറി. ആദ്യമായി സ്‌കൂളിലെത്തിയപോലെ പലരും ഒന്ന്‌ പകച്ചു. അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥി ഷഹല ഷെറിന്‍ പാമ്പ്കടിയേറ്റ്‌ മരിച്ചതിനെ തുടര്‍ന്ന്‌ അടച്ച ബത്തേരി സര്‍വജന സ്‌കൂള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും താല്‍ക്കാലിക വിരാമമായി.

എട്ട്‌ മുതല്‍ 12വരെയുള്ള ക്ലാസുകളും വിഎച്ച്‌എസ്‌ഇ ക്ലാസുകളുമാണ്‌ ചൊവ്വാഴ്‌ച തുടങ്ങിയത്‌. എ വിജയരാഘവന്റെ എംപി ഫണ്ടില്‍നിന്ന്‌ അനുവദിച്ച തുക ഉപയോഗിച്ച്‌ നിര്‍മിച്ച ഓഡിറ്റോറിയത്തില്‍ ടൈല്‍ പതിപ്പിച്ച്‌ കഴിഞ്ഞശേഷം യുപി ക്ലാസുകള്‍ ഇവിടേക്ക്‌ മാറ്റും. ഡിസംബര്‍ രണ്ടിനാണ്‌ യുപി ക്ലാസുകള്‍ തുടങ്ങുക. കുട്ടികളുടെ ആശങ്ക അകറ്റാനുള്ള തയ്യാറെടുപ്പുകളോടെയാണ്‌ ക്ലാസുകള്‍ തുടങ്ങിയത്‌. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള, എഎസ്‌പി വൈഭവ്‌ സക്‌സേന, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി അലക്‌സാണ്ടര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം അബ്ദുള്‍ അസീസ്‌, ഡിപിഒ പ്രമോദ്‌ എന്നിവരും രക്ഷിതാക്കളും സ്‌കൂളിലെത്തിയിരുന്നു.

കലക്ടറുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അംസംബ്ലിയും ചേര്‍ന്നു. കലക്ടര്‍ മുഴുവന്‍ ക്ലാസുകളിലുമെത്തി കുട്ടികളുമായി സംസാരിച്ചു. എസ്‌എസ്‌കെയുടെ ആഭിമുഖ്യത്തില്‍ പത്ത്‌ ടീമുകള്‍ കുട്ടികള്‍ക്ക്‌ കൗണ്‍സലിങ്ങും നല്‍കി. മന്ത്രി ടി പി രാമകൃഷ്‌ണനും സ്‌കൂള്‍ സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply