തെറ്റ്‌ ചെയ്തിട്ടില്ല: ഷെയ്‌ന്‍ നിഗം; മാപ്പുപറഞ്ഞാല്‍ മാത്രം ചര്‍ച്ച: നിര്‍മാതാക്കള്‍

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തെറ്റുപറ്റിയിട്ടില്ലെന്ന്‌ നടന്‍ ഷെയ്‌ന്‍ നിഗം. കേരളരാജ്യാന്തര ചലച്ചിത്രമേളയ്‌ക്കെത്തിയപ്പോള്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഷെയ്‌ന്‍.

‘ഒത്തുതീര്‍പ്പിന്‌ വിളിക്കുന്നവര്‍ റേഡിയോ പോലെ സംസാരിക്കും. നമ്മുടെ ഭാഗം കേള്‍ക്കില്ല, പക്ഷേ, അവര്‍ പറയുന്നതെല്ലാം നമ്മള്‍ അനുസരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഖേദം പ്രകടിപ്പിക്കും. എന്നാല്‍, സെറ്റില്‍ ചെന്നാല്‍ അതൊന്നുമല്ല നടക്കുന്നത്‌’– ഷെയ്‌ന്‍ പറഞ്ഞു. ഇത്തവണ നിര്‍മാതാവല്ല ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനുമാണ്‌ ബുദ്ധിമുട്ടിച്ചത്‌. അതിന്റെ എല്ലാ തെളിവും തന്റെ പക്കലുണ്ട്‌. താരസംഘടനയായ ‘എഎംഎംഎ’ തന്നെ പിന്തുണയ്‌ക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഷെയ്‌ന്‍ പറഞ്ഞു.

അതേസമയം നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത മങ്ങുന്നതായാണ് കാണുന്നത്. താരസംഘടനയും സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയും ഇടപെട്ട്‌ തര്‍ക്കപരിഹാരത്തിന്‌ വഴി തുറന്നെങ്കിലും ഏറ്റവുമൊടുവില്‍ ഷെയ്‌ന്‍ നിഗം നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് വിഷയം വഷളായത്.

നിര്‍മാതാക്കള്‍ രൂക്ഷമായി പ്രതികരിച്ചതിനെ തുടര്‍ന്ന്‌ താരസംഘടനയും ഫെഫ്കയും നടത്തിവന്ന സമവായശ്രമങ്ങള്‍ തല്‍ക്കാലം അവസാനിപ്പിച്ചതായാണ്‌ വിവരം. തിങ്കളാഴ്‌ച തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തി ഇല്ലാതാക്കിയെന്ന് നിര്‍മാതാക്കള്‍ പ്രതികരിച്ചു. ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

നടന്‍ സിദ്ദിഖും ഇടവേള ബാബുവും ഇടപെട്ട് ഷെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ പറയുന്നതനുസരിച്ച്‌ മുന്നോട്ടുനീങ്ങുമെന്നും ഷെയ്ന്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ പുതിയ പ്രസ്താവനയോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഇനി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്നാണ് താരസംഘടനയുടെയും നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply