പണം നേടാന്‍ കാറുകളുടെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച; തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സ് ഉടമ പിടിയില്‍

പണം നേടാന്‍ കാറുകളുടെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച; തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സ് ഉടമ പിടിയില്‍

തളിപ്പറമ്പ് നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകര്‍ത്തു കവര്‍ച്ച നടത്തിയ സംഭവത്തില്‍ കോടീശ്വരനായ വ്യാപാരി അറസ്റ്റില്‍. നഗരത്തിലെ ഐസ്‌ക്രീം, പാല്‍ വ്യാപാരിയും ഷോപ്പിംഗ് കോംപ്ലക്സ് ഉടമയുമായ പുഷ്പഗിരിയിലെ മാടാളന്‍ അബ്ദുല്‍ മുജീബ് (41) ആണ് അറസ്റ്റിലായത്.

തളിപ്പറമ്പ് നഗരത്തില്‍ പരിചിതനും അറിയപ്പെടുന്ന വ്യാപാരി കുടുംബത്തിലെ അംഗവുമാണു മുജീബ്. നഗരത്തില്‍ ദേശീയ പാതയോരത്ത് വ്യാപാരിയായ പ്രതിക്കു സ്വന്തമായി 5 ഏക്കര്‍ ഭൂമിയും നഗരത്തില്‍ 3 നില ഷോപ്പിങ് കോംപ്ലക്സും മറ്റു പാരമ്പര്യ സ്വത്തുക്കളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

രാജരാജേശ്വര ക്ഷേത്ര പരിസരത്തു നിന്നും പറശ്ശിനിക്കടവ് ആയുര്‍വേദ കോളജ് പരിസരത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് അബ്ദുല്‍ മുജീബിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ആര്‍ഭാട ജീവിതവും വഴിവിട്ട ബന്ധങ്ങളും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു മോഷണം തുടങ്ങിയതെന്നാണു പ്രതിയുടെ മൊഴി.

വിവാഹ സ്ഥലം, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നടക്കുന്ന പള്ളി പരിസരം, ഫുട്ബോള്‍ മത്സരവേദികള്‍, പറശ്ശിനിക്കടവ് ക്ഷേത്ര പരിസരം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മുജീബിന്റെ മോഷണം. ജനുവരി 17 മുതലാണ് തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്തും വാതില്‍ കുത്തിത്തുറന്നും കവര്‍ച്ചകള്‍ പതിവായത്. 7.50 ലക്ഷത്തോളം രൂപയും 3.5 പവന്റെ സ്വര്‍ണാഭരണങ്ങളും ഇത്തരത്തില്‍ നഷ്ടപ്പെട്ടിരുന്നു.

പരാതികളെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത് മുജീബ് ആണെന്നു സംശയം തോന്നിയത്. മറ്റൊരു ദൃശ്യത്തിലും ഇയാളെ കണ്ടതോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പറശ്ശിനിക്കടവില്‍ നിന്നു കവര്‍ച്ച ചെയ്ത 18000 രൂപ പ്രതിയുടെ കടയില്‍ നിന്നു കണ്ടെടുത്തു. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ തളിപ്പറമ്ബിലെ ജ്വല്ലറിയില്‍ നിന്നും വിദേശ കറന്‍സികള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ നിന്നും പൊലീസ് കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലെടുത്തതോടെ മുജീബിനെ കാണാനില്ലെന്നു ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഡിവൈഎസ്പി ടി.കെ.രത്നകുമാര്‍, സിഐ സത്യനാഥ്, എസ്ഐ കെ.പി.ഷൈന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ റൗഫ്, എം.സ്നേഹേഷ്, പി.ബിനീഷ് , എഎസ്ഐ എം.രഘുനാഥ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*