സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി
സോഷ്യല്‍ മീഡിയ ഒടുവില്‍ അവളെ കണ്ടെത്തി
ടൊവിനോ നായകനായ തീവണ്ടിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ശ്രേയാ ഘോഷാലും കെ.എസ് ഹരിശങ്കരും ചേര്‍ന്ന ആലപിച്ച ജീവാംശമായി….ഈ ഗാനം സോഷ്യല്‍മീഡിയയില്‍ ധാരാളം പേര്‍ ഏറ്റുപാടുകയുണ്ടായി. എന്നാല്‍ മലയാളികളുടെ മനം കവര്‍ന്നത് ഒരു തമിഴ് പെണ്‍കൊടി അത് ആലപിച്ചപ്പോഴാണ്.
അവളെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. ചെന്നൈ സ്വദേശിനി സൗമ്യ റാവുവാണ് സ്വരമാധുരികൊണ്ടും ഭാവാര്‍ദ്രമായ ആലാപനവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൈലാഷ് മേനോനും സംവിധായകന്‍ ഫെല്ലിനി ടിപിയും സൗമ്യയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ, ഒന്നാംവര്‍ഷ സംഗീത വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. തമിഴ്നാടാണ് സ്വദേശമെങ്കിലും തമിഴ് ചുവ ഒട്ടും തന്നെയില്ലാതെയാണ് സൗമ്യ ഗാനം ആലപിച്ചിരിക്കുന്നത്. ഒഴിവ് സമയത്ത് സഹപാഠി പകര്‍ത്തിയ വീഡിയോ ആണ് വൈറലായി മാറിയത്.
സൗമ്യയുടെ വാക്കുകള്‍:
‘പാട്ട് കേട്ട് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഞാന്‍ നല്ല ഒന്നാന്തരം മലയാളിക്കുട്ടിയാണെന്നാണ്. എന്നാല്‍ സംഗീതം പോലെ തന്നെയാണ് എന്റെ ജീവിതവും. അതിരുകളില്ലാതെ അതങ്ങനെ പാറിപ്പറക്കുകയാണ്. എന്റെ മാതൃഭാഷ കന്നടയാണ്, ജനിച്ചത് ചെന്നൈയില്‍, ഇപ്പോ ദേ പഠിക്കുന്നത് കേരളത്തില്‍. കേരളത്തില്‍ വരുമ്പോള്‍ മലയാളിയും ചെന്നൈയില്‍ പോകുമ്പോള്‍ നല്ല ഒന്നാന്തരം തമിഴത്തിയും. പിന്നെ സര്‍വ്വോപരി നമ്മളൊക്കെ അയല്‍ക്കാരല്ലേ.
‘തിരുവനന്തപുരം സംഗീത കോളേജില്‍ ഒന്നാം വര്‍ഷ സംഗീത വിദ്യാര്‍ത്ഥിയാണ് ഞാന്‍. പാട്ടു തന്നെയാണ് ഞങ്ങളുടെ ഗ്യാങ്ങിന്റെ ഒഴിവു സമയത്തെ വിനോദം. കോളേജില്‍ ഒരു ഇന്റര്‍വെല്‍ ടൈമിനിരുന്ന് പാടിയതാണ് ഞാന്‍ ആ പാട്ട്. ഒരു പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടാല്‍ അത് പാടി കൂട്ടുകാരെ ബുദ്ധിമുട്ടിക്കുക എന്നത് എന്റെ ഹോബിയാണ്.
അങ്ങനെ ഞാന്‍ കൂട്ടുകാര്‍ക്ക് കൊടുത്ത് ലേറ്റസ്റ്റ് ‘പണിയാണ്’ ആ പാട്ട്. പക്ഷേ ആ പണി ഇത്ര വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നെ എന്നെ തമിഴത്തിക്കുട്ടിയാക്കരുതേ. മനസു കൊണ്ട് ഞാനൊരു മലയാളി കൂടിയാണ്. യേശുദാസ് സാര്‍ ആണ് എന്റെ ഫേവറിറ്റ് സിംഗര്‍. നീലത്താമരയിലെ അനുരാഗ വിലോചനനായി ആണ് മലയാളത്തിലെ ഇഷ്ടഗാനം.
സംഗീതം തന്നെയാണ് എന്റെ ജീവനും ജീവിതവുമെല്ലാം. അറിയപ്പെടുന്ന ഒരു പ്ലേബാക്ക് സിംഗര്‍ ആകണമെന്നാണ് എന്റെ ആഗ്രഹം. ഒപ്പം ക്ലാസിക്കല്‍ സിംഗര്‍ എന്ന നിലയിലും പേരെടുക്കണം. അങ്ങനെ വലിയ ആഗ്രഹമൊന്നുമില്ല. പറ്റിയാല്‍ എ ആര്‍ റഹ്മാന്‍ സാറിന്റെ സംഗീതത്തില്‍ ഒരു പാട്ടങ്ങ് പാടണം.
Leave a Reply