രാഷ്ട്രഭാഷയെ എതിര്‍ത്ത് സോണിയ ഗാന്ധി; ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിന് ശാസന

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് സോണിയ ഗാന്ധി

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. സ്വന്തം ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ പോരായിരുന്നോ എന്ന് ചോദിച്ച സോണിയാഗാന്ധി രാഷ്ട്രഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെയായിരുന്നു കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കര്‍ എം പി വീരേന്ദ്ര കുമാര്‍ മുമ്പാകെയെത്തിയ അദ്ദേഹത്തിന് ഇംഗ്ലീഷിലുള്ള സത്യപ്രതിജ്ഞയാണ് സെക്രട്ടറി ജനറല്‍ ആദ്യം നല്‍കിയത്.

എന്നാല്‍, ഹിന്ദി മതിയെന്ന് കൊടിക്കുന്നില്‍ പറയുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരന്റെ ഹിന്ദി സത്യപ്രതിജ്ഞ ബി ജെ പി എം പിമാരെ ആഹ്ളാദഭരിതരാക്കുകയും അവര്‍ ഡെസ്‌കിലടിച്ച് അതു പ്രകടിപ്പിക്കുകയും ചെയ്തു.

ചടങ്ങിനു ശേഷം തിരികെ സീറ്റിലെത്തിയ കൊടിക്കുന്നിലിനെ രോഷാകുലയായ സോണിയ സമീപത്തേക്കു വിളിക്കുകയും സത്യപ്രതിജ്ഞ ഒന്നുകില്‍ നിങ്ങളുടെ മാതൃഭാഷയിലോ ഇംഗ്ലീഷിലോ ചെയ്യുകയല്ലേ നന്നായിരുന്നതെന്ന് ചോദിച്ചു.

അദ്ദേഹത്തിന്റെ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ബിജു ജനതാദളിലെ ഭര്‍തൃഹരി മെഹ്താബ് ഒഡിയ ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തത് സോണിയ കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

കൊടിക്കുന്നിലിന് ശാസന കിട്ടിയതോടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞയ്ക്ക് തയാറായിരുന്ന കേരളത്തിലെ മറ്റ് യുഡിഎഫ് അംഗങ്ങളായ രാജ്മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി.എന്‍ പ്രതാപന്‍,ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവരോട് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തുവെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*