സൗമ്യയുടെ കൊലപാതകം; പകയ്ക്ക് കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചതും സാമ്പത്തിക ഇടപാടുകളും… കൊലയ്ക്കുപയോഗിച്ചത് പ്രത്യേകം പറഞ്ഞ് പണിയിച്ച ആയുധങ്ങള്‍

സൗമ്യയുടെ കൊലപാതകം; പകയ്ക്ക് കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചതും സാമ്പത്തിക ഇടപാടുകളും… കൊലയ്ക്കുപയോഗിച്ചത് പ്രത്യേകം പറഞ്ഞ് പണിയിച്ച ആയുധങ്ങള്‍

മാവേലിക്കര വള്ളികുന്നത്ത് വനിതാ സിപിഒ സൗമ്യ പുഷ്പാകരനെ കൊലപ്പെടുത്തിയ പ്രതി കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ് നെയ്തേലില്‍ എന്‍.എ.അജാസ് ഇല്ലാതാക്കിയത് മൂന്നു മക്കളുടെ അമ്മയെ.

കഷ്ടപ്പാടുനിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നും കഠിനാധ്വാനത്തിലൂടെയാണ് സൗമ്യ ഇന്നത്തെ നിലയിലെത്തിയത്. കൂടുതല്‍ മെച്ചപ്പെട്ട ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതി മടങ്ങിയെത്തിയ ശേഷമാണ് അരും കൊല.

കൊല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകല്‍ തയ്യല്‍ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരന്‍ വര്‍ഷങ്ങളായി തളര്‍ന്നു കിടപ്പാണ്.

ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസില്‍ ജോലി നേടി. ഇത് കുടുംബത്തിന് താങ്ങും തണലുമായി. 11 വര്‍ഷം മുമ്പ് കൊല്ലം എസ്എന്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് കൊല്ലം ക്ലാപ്പനയില്‍ വരവിള തണ്ടാശേരിയില്‍ പുഷ്‌കരന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ സൗമ്യയെ സജീവ് വിവാഹം കഴിക്കുന്നത്.

സജീവിന് പ്ലംബിങ് ജോലിയായിരുന്നു. വിവാഹശേഷം തുടര്‍പഠനത്തിന് സൗമ്യയെ വിട്ടത് സജീവായിരുന്നു. നാല് വര്‍ഷം മുമ്പാണ് സൗമ്യക്ക് പൊലീസില്‍ ജോലി ലഭിച്ചത്.

ഇതിനിടയില്‍ സജീവ് സൗദിയില്‍ ജോലി നോക്കി. തിരികെയെത്തി രണ്ട് വര്‍ഷത്തോളം നാട്ടില്‍ നിന്ന ശേഷമാണ് മൂന്നാഴ്ച മുമ്പ് ലിബിയയിലേക്ക് പോയത്. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതിയശേഷം സ്‌കൂട്ടറില്‍ വള്ളികുന്നം കാഞ്ഞിപ്പുഴയ്ക്ക് സമീപം തെക്കേമുറിയിലെ വീടിന് മുന്നിലെത്തിയപ്പോഴാണ് അജാസിന്റെ അക്രമത്തിനിരയാകുന്നത്.

സ്‌കൂട്ടറില്‍ പോയ സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന ഇയാള്‍ വീടിനടുത്തെത്തിയപ്പോഴാണ് ഇടിച്ചുവീഴ്ത്തി കഴുത്തിന് വെട്ടിയശേഷം പെട്രോള്‍ ഒഴിച്ച് തീവച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും സംഭവസ്ഥലത്തുതന്നെ സൗമ്യ മരിച്ചു.

കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്ത് ഗ്രൗണ്ടില്‍ ഡ്രില്‍ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനര്‍ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.

2018 ജൂലൈ ഒന്നിനാണ് ടൗണ്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയത്. കളമശേരി എആര്‍ ക്യാംപില്‍ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുന്‍പു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. സ്റ്റേഷനിലെ സഹപ്രവര്‍ത്തകരുമായി അടുപ്പം കുറവാണ്.

സൗമ്യയും അജാസും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സുഹൃത്തുക്കളായ ചില സഹപ്രവര്‍ത്തകര്‍ക്കു മാത്രമേ ഇവരുടെ സൗഹൃദം അറിയാമായിരുന്നുള്ളൂ. മലപ്പുറം സ്വദേശിയായ ഇയാള്‍ എറണാകുളം കാക്കനാട് വാഴക്കാലായിലാണു താമസിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഔദ്യോഗികാവശ്യത്തിന് തിരുവനന്തപുരം വരെ പോകുന്നെന്നു പറഞ്ഞാണ് അജാസ് വീട്ടില്‍നിന്നിറങ്ങിയത്.

സൗമ്യയുടെ നീക്കങ്ങള്‍ പ്രതി കൃത്യമായി നിരീക്ഷിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിഎസ്സി പരീക്ഷ എഴുതാന്‍ പോകുമെന്നും ഏത് വഴി സൗമ്യ സഞ്ചരിക്കുമെന്നും ഇയാള്‍ക്ക് അറിവുണ്ടായിരുന്നു. കൊലപാതകം നടത്താന്‍ കരുതിക്കൂട്ടി, തയ്യാറെടുപ്പോടെയാണ് അജാസ് എത്തിയത്. സൗമ്യയെ കൊലപ്പെടുത്താന്‍ അജാസ് പ്രത്യേകം ആയുധങ്ങള്‍ പണിയിച്ചു.

അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വാങ്ങാന്‍ കിട്ടുന്നതല്ല. സാധാരണ കത്തിയേക്കാള്‍ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂര്‍ച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാള്‍ വാങ്ങിയതെന്നും ചില സൂചനകളുണ്ട്.

ആക്രമണത്തിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ അജാസിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. 50% പൊള്ളലേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളില്‍ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ മജിസ്ട്രേട്ട് മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിയുടെ സംസാരത്തില്‍ അവ്യക്തതയുണ്ടായിരുന്നതിനാല്‍ സാധിച്ചില്ല. ഇന്നു വീണ്ടും മൊഴിയെടുക്കാന്‍ ശ്രമിക്കുമെന്നു പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*