ഇരു കൈകളുമില്ലാതെ കാലുകളുപയോഗിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം സ്വന്തമാക്കി ഈ മിടുക്കി

ഇരു കൈകളുമില്ലാതെ കാലുകളുപയോഗിച്ച് എസ്എസ്എല്‍സി പരീക്ഷയെഴുതി മുഴുവന്‍ എ പ്ലസ് നേടിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവികയാണ് ജന്മനാ ഇരു കൈകളും ഇല്ലാതിരുന്നിട്ടും സ്വന്തം പ്രയത്‌നത്താല്‍ കാലുകളുപയോഗിച്ച് പരീക്ഷ എഴുതുകയും ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കുകയും ചെയ്തിരിക്കുന്നത്.

ദേവികയുടെ മാതാപിതാക്കളാണ് അവളെ കാലുകൊണ്ട് എഴുതാന്‍ പഠിപ്പിച്ചത്. പിന്നീട് ഒരു പരീക്ഷയില്‍ പോലും ദേവികയ്ക്ക് ഒരാളുടെ പോലും സഹായം വേണ്ടി വന്നിട്ടില്ല. സ്‌ക്രൈബിനെവെച്ച് പരീക്ഷയ്ക്ക് എഴുതിക്കാന്‍ അനുവാദമുണ്ടെയെങ്കിലും ദേവിക സ്വന്തം കാല്‍ വിരലുകള്‍ക്കുള്ളില്‍ പേന ഒതുക്കിയാണ് മുഴുവന്‍ പരീക്ഷകളും എഴുതിയത്.

എസ്എസ്എല്‍സി പരീക്ഷയില്‍ അനുവദിച്ച സമയത്തില്‍ ദേവിക രണ്ട് പരീക്ഷയ്ക്ക് മാത്രം കുറച്ചധികം സമയം ഉപയോഗിച്ചതല്ലാതെ ബാക്കി വിഷയങ്ങളെല്ലാം മറ്റുള്ളവര്‍ക്കൊപ്പം കൃത്യസമയത്ത് എഴുതിത്തീര്‍ത്തു.

ഗ്രേസ്മാര്‍ക്കുപോലും ഇല്ലാതെയാണ് ദേവിക മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് വിഷയം പഠിക്കണമെന്നും ബിരുദ പഠനം കഴിഞ്ഞ് സിവില്‍ സര്‍വീസ് നേടണം എന്നുമാണ് ദേവികയുടെ ആഗ്രഹം.

കാലുകൊണ്ട് മനോഹരമായി ചിത്രം വരയ്ക്കാനും കഴിവുള്ള ദേവിക സ്വപ്നചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ തന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.
അച്ഛന്‍ സി.പി. സജീവ് തേഞ്ഞിപ്പലം പോലീസ്സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment