വിവാഹം തീരുമാനിച്ചതോടെ ആശങ്ക; പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കളിലൊരാളുടെ വിവാഹം തീരുമാനിച്ചതോടെ ആശങ്ക; ആറ്റിലേക്ക് ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കളിലൊരാളുടെ വിവാഹം തീരുമാനിച്ചതോടെ ആശങ്കയിലായ പെണ്‍കുട്ടികള്‍ മരണത്തോടെ ഒന്നായി. കോട്ടയം വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ചടയമംഗലത്ത് നിന്നും കാണാതായ പെണ്‍കുട്ടികളുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ചെമ്പു മുറിഞ്ഞപുഴയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ ആലപ്പുഴ പൂച്ചാക്കല്‍ ഊടുപുഴയിലാണ് 21 കാരിയായ അഞ്ചല്‍ സ്വദേശി അമൃതയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പെരുമ്പളം സൗത്തില്‍ നിന്ന് ആയൂര്‍ സ്വദേശിനി ആര്യയുടെയും മൃതദേഹം കണ്ടെത്തി.

ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് മുറിഞ്ഞപുഴ പാലത്തില്‍ നിന്നും മൂവാറ്റുപുഴയാറ്റിലേക്ക് പെണ്‍കുട്ടികള്‍ ചാടിയത്. ഇരുവരുടെയും ചെരുപ്പുകളും തൂവാലയും പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു അമൃതയും ആര്യയും. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരില്‍ ശനിയാഴ്ച രാവിലെ വീടുകളില്‍ നിന്നു പോയതെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അമൃതയുടെ വിവാഹം നടത്താന്‍ അടുത്ത ബന്ധുക്കള്‍ തീരുമാനമെടുത്തിരുന്നു. വിവാഹത്തോടെ ഇരുവരും വേര്‍പിരിയേണ്ടി വരുമെന്ന ആശങ്ക പലരോടും പങ്കുവെച്ചിരുന്നതായി പോലീസ് പറയുന്നു. ഈ ആശങ്കയാകാം ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. വൈക്കം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*