പ്രതിബന്ധങ്ങളില്‍ ഒളിച്ചോടാതെ എതിര്‍ത്തുനിന്നു നേടിയ ജീവിത വിജയത്തിന്റെ കഥ

പ്രതിബന്ധങ്ങളില്‍ ഒളിച്ചോടാതെ എതിര്‍ത്തുനിന്നു നേടിയ ജീവിത വിജയത്തിന്റെ കഥ

സ്വന്തം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കു മുന്‍പില്‍ തോറ്റുകൊടുക്കാതെ പൊരുതിനേടിയ വിജയത്തിന്റെ ഉടമയാണ് തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയായ പാട്രീഷ്യ നാരായണന്‍.

കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും തളരാതെ ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ പാട്രീഷ്യ ഇന്ന് ചെന്നൈയില്‍ ചെയിന്‍ റെസ്റ്റോറന്റുകളുടെ ഉടമയാണ്.

നാഗര്‍കോവിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഗമ്പതികളുടെ മകളായി യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു പാട്രീഷ്യയുടെ ജനനം. ചെന്നൈ ക്വീന്‍ മേരീസ് കോളേജില്‍ പഠനം തുടരുന്ന സമയത്ത് അവിടെ കണ്ടുമുട്ടിയ ബ്രാഹ്മണ യുവാവുമായുള്ള പ്രണയം ജീവിത സാഹചര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

ബ്രാഹ്മണ യുവാവുമായുള്ള വിവാഹ ബന്ധം യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള തന്റെ അച്ചനും അമ്മയും കുടുംബക്കാരും അംഗീകരിക്കില്ലെന്ന് നന്നായി അറിയാമായിരുന്ന പാട്രീഷ്യ കോളേജ് പഠനം പാതിവഴിയില്‍ നില്‍ക്കെ നാരായണനുമായി രജിസ്റ്റര്‍ വിവാഹം ചെയ്തു. വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമാവുമെന്ന് അറിയാവുന്ന പാട്രീഷ്യ, ഇക്കാര്യം രഹസ്യമാക്കിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഭര്‍ത്താവിന്റെ ശക്തമായ സമ്മര്‍ദ്ദം കാരണം രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് മൂന്നു മാസമായപ്പോഴേക്കും വീട്ടുകാര്‍ക്കു മുമ്പില്‍ സത്യം തുറന്നുപറയാന്‍ അവള്‍ നിര്‍ബന്ധിതയായി. ശേഷം പ്രതീക്ഷിച്ചതു പോലെ തന്നെ വീടു വിട്ടിറങ്ങേണ്ടി വന്ന പാട്രീഷ്യ താമസം ഭര്‍ത്താവിനൊപ്പം വാടക മുറിയിലേക്ക് മാറ്റി.

എന്നാല്‍ താന്‍ സ്വപ്നം കണ്ട പോലുള്ള ഒരു ജീവിതമായിരുന്നില്ല പാട്രീഷ്യയ്ക്ക് പിന്നീടങ്ങോട്ട് നേരിടേണ്ടി വന്നത്. ഭര്‍ത്താവിന്റെ മദ്യത്തോടുള്ള ആസക്തി ക്രമേണ ലഹരി പദാര്‍ഥങ്ങളിലേക്ക് തിരിഞ്ഞു. ഇതോടെ ജോലിക്ക് പോവാതെ പറ്റില്ലെന്ന അവസ്ഥയിലായി. എപ്പോഴുമൊള്ള വഴക്കും പ്രശ്നങ്ങളും, ഇടിയും തൊഴിയുമൊക്കെ സഹിച്ച് ഭര്‍ത്താവിനൊപ്പം പരമാവധി പിടിച്ചു നിന്നു.

ഭര്‍ത്താവ് ജോലിക്കു പോവാതായതോടെ ജീവിതം വഴിമുട്ടിയ പാട്രീഷ്യ, ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാതായപ്പോള്‍ അവരുടെ രണ്ട് കുട്ടികളെയും കൊണ്ട് വീട് വിട്ടിറങ്ങുകയായിരുന്നു. തിരികെ സ്വന്തം വീട്ടിലെത്തിയ പാട്രീഷ്യയേം കുട്ടികളെയും വീട്ടുകാര്‍ സ്വീകരിച്ചു.

എന്നാല്‍ ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ താന്‍ പിടിച്ചുനില്‍ക്കുമെന്ന് പാട്രീഷ്യ തീരുമാനിച്ചു. പക്ഷെ, പഠനം പാതിവഴിയില്‍ നിര്‍ത്തിയ പാട്രീഷ്യയ്ക്ക് അറിയാവുന്ന ജോലികളൊന്നുമുണ്ടായിരുന്നില്ല.

ആകെ അറിയാവുന്നത് കുക്കിംഗ് വെച്ച് അച്ചാറും സ്‌ക്വാഷും ജാമും മറ്റുമുണ്ടാക്കി വില്‍പ്പന തുടങ്ങി. തുടക്കത്തില്‍ അമ്മയുടെ ഓഫീസിലുള്ളവര്‍ക്കിടയില്‍ വില്‍പ്പന നടത്തിയിരുന്ന പാട്രീഷ്യയുടെ വിഭവങ്ങള്‍ക്ക് വന്‍ ഡിമാന്റായിരുന്നു. അതുകൊണ്ടുതന്നെ ഉണ്ടാക്കുന്ന മുഴുവന്‍ സാധനങ്ങളും അതേദിവസം വിറ്റുപോയി.

ആ സമയത്താണ് ഭിന്നശേഷിക്കാരായ രണ്ടു പേരെ ജോലിക്കെടുക്കുന്നവര്‍ക്ക് ഉന്തുവണ്ടി സൗജന്യമായി നല്‍കുന്ന പദ്ധതിയെ കുറിച്ച് അവര്‍ അറിഞ്ഞത്. അങ്ങനെ ഒരു ഉന്തുവണ്ടി സ്വന്തമാക്കിയ അവര്‍ അവിടെ ചായയും കാപ്പിയും ചെറു പലഹാരങ്ങളും ഉണ്ടാക്കി വില്‍പ്പന ആരംഭിച്ചു. പുതിയ ചായവണ്ടിയുടെ ഉദ്ഘാനം 1982 ജൂണ്‍ 21നായിരുന്നു.

ചെന്നൈ മറീന ബീച്ചിലെ ആദ്യദിന കച്ചവടം നിരാശയുടേതായിരുന്നു. ആകെ കിട്ടിയ ലാഭം 50 പൈസയായിരുന്നു. അതില്‍ നിരാശപ്പെടാതെ തന്റെ പോരാട്ടം തുടരാന്‍ അവര്‍ തീരുമാനിച്ചു. വരും ദിനങ്ങളില്‍ തട്ടുകടയിലേക്ക് കൂടുതല്‍ പേര്‍ എത്തിത്തുടങ്ങി.

ചായക്കും കാപ്പിക്കുമൊപ്പം ജ്യൂസും സമൂസ, ബജ്ജി തുടങ്ങിയ സ്നാക്സും കൂടിയായപ്പോള്‍ ആവശ്യക്കാരേറി. വൈകുന്നേരങ്ങളിലായിരുന്നു കച്ചവടം പൊടിപൊടിച്ചത്. അങ്ങനെ ഒരു ദിവസം 25000 രൂപ വരെ ലാഭമുണ്ടാക്കാന്‍ ഈ ചായവണ്ടി കച്ചവടത്തിലൂടെ തനിക്ക് സാധിച്ചതായി പാട്രീഷ്യ ഓര്‍ക്കുന്നു.

ചെന്നൈ സ്ലം ക്ലിയറന്‍സ് ബോര്‍ഡ് ചെയര്‍മാന്‍ പാട്രീഷ്യയുടെ ചായവണ്ടിയിലെ സ്ഥിരം ഉപഭോക്താവായിരുന്നു. പാട്രീഷ്യയുടെ രുചിയേറിയ ഭക്ഷണം ഏറെ ഇഷ്ടപ്പെട്ട ഇദ്ദേഹം ചെന്നൈയില്‍ തന്നെയുള്ള ബോര്‍ഡ് ഓഫീസ് പരിസരത്ത് ഒരു കാന്റീന്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം പാട്രീഷ്യ മുമ്പാകെ വച്ചു. ഈ അവസരം മുതലാക്കിയ പാട്രീഷ്യ ഏതാനും ജീവനക്കാരുടെ സഹായത്തോടെ കാന്റീന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അധികം വോകാതെതന്നെ പാട്രീഷ്യയുടെ കാന്റീന്‍ ശ്രദ്ധ നേടി.

കൂടുതല്‍ ഓഫീസുകളില്‍ നിന്ന് കാന്റീന്‍ തുടങ്ങാനുള്ള ഓഫറുകള്‍ വന്നു. അതിനിടയില്‍ പ്രസിദ്ധമായ നാഷനല്‍ പോര്‍ട്ട് മാനേജ്മെന്റ് ട്രെയിനിംഗ് സ്‌കൂളിലെ 700 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കാനുള്ള കരാര്‍ ഏറ്റെടുത്തു. ഇവിടെയും കാന്റീന്‍ തുടങ്ങിയതോടെ ദിവസ വരുമാനം ഒരു ലക്ഷം രൂപ കവിഞ്ഞു.

എന്നാല്‍ സന്തോഷമായി പോയിരുന്ന പാട്രീഷ്യയുടെ ജീവിതത്തിലേയ്ക്ക് ഒരു ദുരന്തം കടന്നു വന്നു. ഒരു വാഹനാപകടത്തില്‍ മകളും ഭര്‍ത്താവും മരണപ്പെട്ടു. ഇത് അവര്‍ക്ക് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. ബിസിനസ് മകനെ ഏല്‍പ്പിച്ച് അവര്‍ കുറച്ചുകാലം രംഗത്തുനിന്ന് മാറി നിന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ബിസിനസിലേക്ക് പട്രീഷ്യ തിരിച്ചുവന്നത്.

മകളുടെ ഓര്‍യ്ക്കായി അവര്‍ വാഹനാപകത്തില്‍ മരിച്ച അച്ചരപ്പാക്കത്ത് ഒരു സൗജന്യ ആംബുലന്‍സ് നല്‍കിക്കൊണ്ടായിരുന്നു പാട്രീഷ്യയുടെ തിരിച്ചുവരവ്. മകളും ഭര്‍ത്താവും അപകടത്തില്‍പ്പെട്ട് മരിച്ചുകിടന്നപ്പോള്‍ ഒരു ആംബുലന്‍സ് അവരുടെ ശരീരങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പകരം കാറിന്റെ ഡിക്കില്‍ കയറ്റിയായിരുന്നു മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചത്. ഇനിയാര്‍ക്കും ഇത്തരം ഒരു അനുഭവം ഉണ്ടാവരുതെന്ന പ്രതീക്ഷയിലായിരുന്നു സൗജന്യ ആംബുലന്‍സ് സര്‍വീസ്.

ബിസിനസിലേക്ക് തിരിച്ചെത്തിയ പാട്രീഷ്യ മരിച്ചുപോയ മകളുടെ പേരായ സന്ദീപ എന്ന പേരില്‍ ആദ്യ റസ്റ്റോറന്റ് ആരംഭിച്ചു. ഇന്ന് സന്ദീപ റെസ്റ്റോറന്റിന് ചെന്നൈയില്‍ 14 ശാഖകളുണ്ട്. നിരവധി ബഹുമതികളും അംഗീകാരങ്ങളും സ്വന്തമാക്കിയ പാട്രീഷ്യയ്ക്ക് 2010ലെ എഫ്ഐസിസിഐയുടെ വുമണ്‍ എന്‍ട്രപ്രണര്‍ അവാര്‍ഡും ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*