ശുദ്ധവായു വേണോ? 15 മിനിറ്റിന് 299 രൂപ!!!
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ശുദ്ധവായു വിൽപ്പനയ്ക്ക്!. അവിശ്വസനീയമാണെങ്കിലും സംഗതി ഉള്ളതുതന്നെ. ഡൽഹി സാകേതിലെ സെലക്ട് സിറ്റി മാളിലുള്ള ‘ഓക്സി പ്യൂര്‍’ ആണ് ശുദ്ധമായ ഓക്സിജൻ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. വിഷപുക തിന്ന് ജീവിക്കുകയാണ് ഇന്ന് ദില്ലി നഗരവാസി. വാഹനങ്ങള്‍ തുപ്പുന്ന വിഷപുക, അയല്‍ സംസ്ഥാനത്ത് അടുത്ത കൃഷിക്കായി നിലമൊരുക്കുന്നതിനായി കൃഷിയിടം കത്തിക്കുമ്പോള്‍ ഉയരുന്ന പുക, ഫാക്ടറികളില്‍ നിന്ന് പുറത്തുവിടുന്ന വിഷപുക. ഇതിനെല്ലാം പരിഹാരമായി പുതിയൊരു ബിസിനസ് സംരംഭം പച്ച പിടിക്കുകയാണ്. ഓക്സിജന്‍ ബാറുകള്‍.
ശുദ്ധ വായുവിനായി പിടയുന്ന ഡൽഹിയിൽ, ഓക്സിജൻ പാർലർ വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. മലിനീകരണ തോത് കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ ശുദ്ധമായ വായുവാണ് പാർലർ നൽകുന്നതെന്നും സന്ദർശകർ വ്യക്തമാക്കി.
ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ശുദ്ധമായ ഓക്സിജൻ ലഭ്യമാകുന്നത്. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് വില. ഡൽഹി സ്വദേശിയായ ആര്യവീര്‍ കുമാറാണ് ഓക്സി പ്യൂറിൻ്റെ സ്ഥാപകൻ. ഈ വര്‍ഷം മേയ് മാസം മുതൽ സൗജന്യമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നത്. എന്നാൽ മലിനീകരണ തോത് ഉയര്‍ന്നതോടെയാണ് പണം ഈടാക്കി തുടങ്ങിയത്. ആദ്യമായാണ് ശുദ്ധവായിനായി ഒരു സ്ഥാപനം ഡൽഹിയിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് ഓപ്പറേറ്ററായ അജയ് ജോൺസൺ പറയുന്നു.
നിലവിൽ മലിനീകരണ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. ഞങ്ങളുടെ ഉത്പന്നം ഇതിൽ നിന്ന് ആശ്വാസം നൽകുന്നതാണ്. ഒരു ദിവസം 10-15 വരെ ആളുകള്‍ എത്തും. എവിടെയും കൊണ്ടുപോകാമെന്ന രീതിയിൽ ക്യാനുകളിലും ഓക്സിജൻ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം അപകടകരമായ നിലയിൽ ഡൽഹിയിലെ വായു മലിനീകരണം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വായു ഗുണനിലവാര തോത് 472 പിന്നിട്ടു. നഗരത്തിലെ വായു മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി സര്‍ക്കാരിനെതിരെ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.
Leave a Reply