ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ വിവാഹത്തിനു പോയ സംഭവത്തില്‍ സപ്ലൈ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

ഡ്യൂട്ടി സമയത്ത് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ വിവാഹത്തിനു പോയ സംഭവത്തില്‍ സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

ജീവനക്കാര്‍ അവധി എടുക്കാതെ കൂട്ടത്തോടെ ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാണ് വിനയായത്. പോകുന്നതിന് മുന്‍പ് രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തിയ ജീവനക്കാരുടെ ശേഷമായിരുന്നു മുങ്ങല്‍.

പല ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ സപ്ലൈ ഓഫീസില്‍ എത്തിയ പൊതുജനങ്ങളെ ഇത് ബാധിച്ചു. മണിക്കൂറുകളോളം കാത്തുനിന്നു വലഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ എത്താഞ്ഞതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഓഫീസിലാകെ 18 ജീവനക്കാരാണുള്ളത്. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, പേരുമാറ്റല്‍, കാര്‍ഡ് പുതുക്കല്‍, റേഷന്‍ കാര്‍ഡ് മാറ്റം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നൂറോളം പേരാണ് ഓഫീസില്‍ ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വലഞ്ഞത്. ഈ സമയം ഓഫീസില്‍ സ്വീപ്പര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ബി.ജയശ്രീ പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പരിശോധന നടത്തി. ഓരോ ഉദ്യോഗസ്ഥരില്‍ നിന്നും ഗുണഭോക്താക്കളില്‍ നിന്നും ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

തുടര്‍ന്ന് ജീവനക്കാര്‍ അവധി എടുക്കാതെ വിവാഹത്തിന് പോയതില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായത്. കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.എ. സെയ്ഫിനാണ് പകരം ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply