സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ല- ചരിത്രമായി സുപ്രീം കോടതിവിധി
സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ല- ചരിത്രമായി സുപ്രീം കോടതിവിധി
ന്യൂഡൽഹി : സ്വവർഗ്ഗരതി ക്രിമിനൽകുറ്റമായി കാണുന്ന ഐ പി സി 377 റദാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. പരസ്പ്പരസമ്മതത്തോടുകൂടെയുള്ള സ്വവർഗ്ഗരതി കുറ്റകരമല്ലെന്ന് ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും അവകാശമുണ്ടെന്ന് വാദം നടക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.
സ്വവർഗ്ഗരതി 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ മുന്നൂറ്റിഎഴുപത്തിയേഴാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നർത്തകൻ എന്‍ എസ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, റിതു ഡാല്‍മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ തുടങ്ങിയവര്‍ സമർപ്പിച്ച പൊതുതാല്പര്യ ഹർജികളിലാണ് വിധി വന്നിരിക്കുന്നത്.
ഈ വകുപ്പ് മൗലികാവകാശലംഘനമാണെന്ന് അവർ 2016 ൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പ് നല്കുന്ന തുല്യതയ്ക്കുള്ള അവകാശം തടയുന്നതാണ് 1861 ലെ ഈ വകുപ്പ് എന്നും ഇത് റദ്ദാക്കിയാൽ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിന് തന്നെ മാറ്റം വരുമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. സ്വവർഗ്ഗരതി ഇന്ത്യൻ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
2009 ൽ ഡൽഹി ഹൈക്കോടതി സ്വവർഗ്ഗരതി നിയമവിധേയമാക്കിയിരുന്നെങ്കിലും 2013 ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കിയിരുന്നു.സ്വവർഗ്ഗരതി കുറ്റകരമല്ലാതാക്കേണ്ടത് പാർലിമെന്റാണെന്ന വാദം ഉന്നയിച്ച് ഹർജിക്കാരെ എതിർത്ത് ചില ക്രൈസ്തവ സംഘടനകൾ മുന്നോട്ടുവന്നിരുന്നു.
ഇക്കാര്യത്തിൽ ഭരണഘടനാബെഞ്ച് തന്നെ ഉചിതമായ തീരുമാനം കൈക്കൊള്ളണം എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതേത്തുടർന്ന് നാലുദിവസം വാദം കേട്ട കോടതി ജൂലായ് 17 ന് കേസ് വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ചരിത്രം തിരുത്തിക്കുറിച്ച വിധി പ്രസ്താവം വായിച്ചത്. വിധി പ്രസ്താവം കേൾക്കാൻ പതിനായിരങ്ങളാണ് കോടതിക്ക് മുന്നിൽ തടിച്ചുകൂടിയത്.
Leave a Reply