ബലാത്സംഗം: ആള്‍ദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

ബലാത്സംഗം: ആള്‍ദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്

മാണ്ഡ്യയിലെ വിവാദ ആള്‍ദൈവം വിദ്യഹംസ ഭാരതിയെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യാതെ കര്‍ണാടക പൊലീസ്. ഭര്‍ത്താവിന്റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി പരാതി നല്‍കിയിരുന്നു. അഞ്ച് ദിവസം മുമ്പാണ് പരാതി നല്‍കിയത്.

എന്നാല്‍ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമേ അറസ്റ്റുളളൂവെന്ന് പൊലീസ് ഇപ്പോഴും പറയുന്ന വാദം. മാണ്ഡ്യ പാണ്ഡവപുരയിലെ ത്രിധമ ക്ഷേത്രത്തിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവം വിദ്യഹംസ ഭാരതിക്കെതിരെയാണ് പരാതി.
കടം തീര്‍ക്കാന്‍ വിദ്യഹംസയ്ക്ക് വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവ് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. മൈസൂരു കുവെംപു നഗര്‍ പൊലീസിന് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ. ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു യുവതിയുടെ ഭര്‍ത്താവിന്.

കടം തീര്‍ക്കാന്‍ പോംവഴികളന്വേഷിച്ച ഭര്‍ത്താവ് ഒടുവില്‍ വിദ്യഹംസ സ്വാമിയുടെ പേര് പറഞ്ഞു. അദ്ദേഹത്തെ കണ്ടാല്‍ എല്ലാ പ്രശ്‌നവും തീരുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ആശ്രമത്തിലെത്തി കാണാന്‍ നിര്‍ബന്ധിച്ചു. അസംബന്ധമെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറി.
കഴിഞ്ഞ സെപ്തംബര്‍ 3നും ഭര്‍ത്താവ് സ്വാമിയെ കാണാന്‍ ചെല്ലാന്‍ നിര്‍ബന്ധം പിടിച്ചു. യുവതി പോയില്ല.സെപ്തംബര്‍ നാലിന് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവങ്ങളുടെ തുടക്കം. കാളിങ് ബെല്‍ അടിച്ചത് ഭര്‍ത്താവ് ആണെന്ന് കരുതി യുവതി വാതില്‍ തുറന്നു. ഭര്‍ത്താവുണ്ടായിരുന്നു.

ഒപ്പം സ്വാമി വിദ്യഹംസയുടെ അയാളുടെ നാല് അനുയായികളും. വാതില്‍ തുറന്നയുടന്‍ വിദ്യഹംസ യുവതിയെ തളളിയിട്ടു. മുടി കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. കിടപ്പുമുറിയില്‍ കയറി വസ്ത്രങ്ങള്‍ വലിച്ചുകീറി. ഈ സമയമെല്ലാം സ്വാമിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു ഭര്‍ത്താവ്.
മര്‍ദിച്ച് അവശയാക്കിയ ശേഷം തന്റെ വസ്ത്രങ്ങള്‍ കത്തിച്ചു. തുണിപോലുമില്ലാതെ അയല്‍പ്പക്കത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഭര്‍ത്താവും സ്വാമിയുടെ അനുയായികളും ചേര്‍ന്ന് ബലമായി പിടിച്ച് തന്നെ ഒരു കാറില്‍ കയറ്റി. വിദ്യഹംസയും അതിലുണ്ടായിരുന്നു.

സ്വാമിക്ക് വഴങ്ങിക്കൊടുക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വാഹനത്തില്‍ വച്ച് പീഡനം തുടര്‍ന്നു. ഒടുവില്‍ സഹോദരിയുടെ വീട്ടില്‍ ഇറക്കിവിട്ടെന്നാണ് പരാതി. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അറിയിക്കാന്‍ മൂന്ന് ദിവസം നല്‍കി.

ഭയന്ന യുവതി സെപ്തംബര്‍ അഞ്ചിന് തന്നെ പൊലീസില്‍ പരാതിപ്പെട്ടു. കേസെടുക്കാന്‍ തയ്യാറായത് സെപ്തംബര്‍ ആറിന്. എന്നാല്‍ ഇതുവരെ സ്വാമിയെയും യുവതിയുടെ ഭര്‍ത്താവിനെയും അറസ്റ്റുചെയ്തിട്ടില്ല. ഉന്നത രാഷ്ട്രീയ നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ഇയാള്‍ക്കുളള അടുത്ത ബന്ധമാണ് പിന്നിലെന്ന് ആക്ഷേപമുണ്ട്. ആട്ടവും പാട്ടും നിറഞ്ഞ ആശ്രമരീതികള്‍ കൊണ്ട് വ്യത്യസ്തനാണ് വിദ്യഹംസ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*