തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തള്ളിത്തുറന്നു: തൃശൂര്‍ പൂരത്തിന് തുടക്കം

തൃശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് പൂര വിളംബരം നടത്തി. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറന്ന് അഭിവാദ്യം ചെയ്തതോടെയാണ് പൂരത്തിന് ഔദ്യോഗിക തുടക്കമായത്.

ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാന്‍ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്. തെച്ചിക്കോട്ട് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറക്കുന്നത് കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു.

നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ തെക്കേഗോപുരനട തുറന്നതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിനു തുടക്കമായിരിക്കുകയാണ്.

പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് രാമചന്ദ്രനെ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തിച്ചത്. പൂരപ്രേമികളും ആനപ്രേമികളുമായി വലിയ ആള്‍ക്കൂട്ടമാണ് ക്ഷേത്ര പരിസരത്ത് തടിച്ചുകീടിയത്. തേക്കിന്‍കാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോള്‍ തിങ്ങിക്കൂടിയ പുരുഷാരം ആവേശത്തിമിര്‍പ്പിലാറാടി.

തെക്കോട്ടിറക്ക ചടങ്ങ് പൂര്‍ത്തിയാക്കി തേക്കിന്‍കാട് മൈതാനത്ത് തെക്കേനടയില്‍ വന്ന് നിന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്‍ നിന്ന് ദേവീദാസന്‍ തിടമ്പ് തിരിച്ച് വാങ്ങി. തുടര്‍ന്ന് ക്ഷേത്രത്തിനകത്തു കൂടെ ആനയെ കൊണ്ടു പോയി മണികണ്ഠനാല്‍ പരിസരത്ത് എത്തിച്ച ശേഷമാണ് വീണ്ടും ലോറിയില്‍ കയറ്റി കൊണ്ട് പോയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment