ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

!– Composite Start –>

തിരുവനന്തപുരം: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.
വന്‍ ജനപങ്കാളിത്തത്തോടെയാണ്  മത്സരങ്ങള്‍ നടക്കുന്നത്. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മത്സരത്തോടെയായിരുന്നു ജില്ലാതല മത്സരങ്ങള്‍ക്ക് തുടക്കമായത്.

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വടംവലിക്ക് ശേഷം വോളിബോള്‍ മത്സരവും നടന്നു. ജില്ലയിലെ 22 വോളിബോള്‍ ടീമുകളും 12 വടംവലി ടീമുകളും മത്സരത്തിനിറങ്ങി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് കൗതുകത്തോടും ആവേശത്തോടുമാണ് ജനങ്ങള്‍ സ്വീകരിച്ചത്. മത്സരങ്ങള്‍ നടക്കുന്ന മേഖലകളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വന്‍ ജനപങ്കാളിത്തം ഇതിന്റെ സൂചനയാണ്. മത്സരങ്ങള്‍ക്ക് മുന്നോടിയായി ബീച്ചുകളില്‍ ശുചീകരണത്തിനും കളിക്കളം ഒരുക്കുന്നതിനും പ്രായഭേദമന്യേ ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.



ഈ ബഹുജന പങ്കാളിത്തം കൊണ്ട് തന്നെ ബീച്ച് ഗെയിംസ് ഒരു വന്‍വിജയമായിത്തീരും. എല്ലാ മേഖലയിലും  ജനപ്രതിനിധികളുടെയും പൗരപ്രമുഖരുടെയും പ്രാധിനിത്യത്തില്‍ സംഘടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.  നവംബര്‍ ഡിസംബര്‍ മാസങ്ങളിലായാണ് ജില്ലാതല മത്സരങ്ങള്‍ നടത്തുന്നത്. വോളിബോള്‍, ഫുട്‌ബോള്‍, കബഡി, വടംവലി എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ തീരങ്ങളുള്ള 9 ജില്ലകളിലായാണ് ബീച്ച് ഗെയിംസ് നടത്തുന്നത്.   തീരപ്രദേശങ്ങള്‍ ഇല്ലാത്ത ജില്ലകളിലെ കായിക താരങ്ങള്‍ക്കും ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും അതത് മേഖലകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. 18 വയസിനു മുകളിലുള്ള പുരുഷന്മാര്‍ക്കും 16 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് മത്സരങ്ങള്‍. സംസ്ഥാനതല മത്സരങ്ങള്‍ ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടക്കും.     

തിരുവനന്തപുരം വടംവലി- ഡിസംബർ 13,14 ശംഖുമുഖം ബീച്ച്, വോളിബോൾ – ഡിസംബർ 15,16 വർക്കല വെട്ടൂർ ബീച്ച്, ഫുട്ബോള്- ഡിസംബർ 17, 18 പൊഴിയൂർ ബീച്ച്, കബഡി ഡിസംബർ 19,20  വർക്കല പാപനാശം ബീച്ച്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply