‘ഉം-പുൻ’ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി

‘ഉം-പുൻ’ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി – പശ്ചിമ ബംഗാൾ, ഒഡീഷ തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് – യെല്ലോ അലേർട്ട്

തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ഉം-പുൻ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

17 മെയ് 2020 ന് രാവിലെ 8.30 ന് 11.4°N അക്ഷാംശത്തിലും 86.0°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ്‌ (Paradip) തീരത്ത് നിന്ന് ഏകദേശം 990 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയിൽ (South Digha) നിന്ന് 1140 കി.മീയും ദൂരെയാണിത്.

അടുത്ത 12 മണിക്കൂറിൽ ഇത് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 89 കി.മീ മുതൽ 117 കി.മീ ആകുന്ന ഘട്ടമാണ് ശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്.

സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ 118 കി.മീ മുതൽ 166 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് അതിശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും തുടർന്നുള്ള അപ്‌ഡേറ്റുകൾ ശ്രദ്ധിക്കുക. പുറപ്പെടുവിക്കുന്ന മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കർശനമായി പാലിക്കുക.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടി പരിഗണിച്ച് കൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും ‘യെല്ലോ’ അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മിമീ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കുക.

തെറ്റായ വാർത്തകളും വ്യാജപ്രചാരണവും നടത്താതിരിക്കുക. ഔദ്യോഗിക സന്ദേശങ്ങൾ മാത്രം അനുസരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*