ബ്രഹ്മി: ആരോഗ്യത്തിനും ബുദ്ധിക്കും മാത്രമല്ല…

ബ്രഹ്മി: ആരോഗ്യത്തിനും ബുദ്ധിക്കും മാത്രമല്ല…

വളരെ ഗുണങ്ങളുള്ള ഒരു സസ്യമാണ് ബ്രഹ്മി. പൊതുവേ കുട്ടികളുടെ ഓര്‍മയ്ക്കും ബുദ്ധി ശക്തിക്കും നല്ലതാണ് ബ്രഹ്മി എന്നാണ് പറയുക. എന്നാല്‍ മുതിര്‍ന്നവര്‍ക്കും ഏറെ പ്രയോജനപ്രദമാണ് ബ്രഹ്മി.

ബ്രഹ്മി പല ആരോഗ്യപരമായ ഗുണങ്ങളുമുള്ള ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം. ഒപ്പംതന്നെ മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യകരവുമാണ്.

ചില പ്രത്യേക രീതികളില്‍ ഉപയോഗിച്ചാല്‍ ശരീരത്തിന്റെ ചെറുപ്പം നില നിര്‍ത്തുന്നതിനും ഏറെ ഗുണകരമാണ് ബ്രഹ്മി. ഇതിലുള്ള പോഷകങ്ങളും ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണവുമെല്ലാമാണ് ഇതിന് കാരണം.

ശരീരത്തിന് ചെറുപ്പം നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് ബ്രഹ്മി അരച്ചതോ ചതച്ചതോ പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ചര്‍മം അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വരാതെയും തടയാം. തിളപ്പിച്ച പാലില്‍ ബ്രഹ്മിയുടെ നീരു ചേര്‍ത്ത് കഴിയ്ക്കുന്നത് മുടി നരയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നു.

ചെറുപ്പം നിറഞ്ഞ ചര്‍മത്തിനു സഹായിക്കുന്ന ഒന്നാണ് നെയ്യും ബ്രഹ്മിയും കലര്‍ന്ന മിശ്രിതം. ബ്രഹ്മിയുടെ ഇല നെയ്യില്‍ വറുത്തശേഷം ഇതു പാലില്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുകയാണ് വേണ്ടത്.

ബ്രഹ്മിയുടെ നീരു കുടിയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. പല ചര്‍മ രോഗങ്ങള്‍ക്കും നല്ലൊരു മരുന്നു കൂടിയാണിത്. ബ്രഹ്മി അരച്ചിടുന്നത് എക്സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കും.

ബ്രഹ്മിയിലെ പോളി ഫിനോളുകള്‍, കരോട്ടനോയ്ഡുകള്‍, ഫ്ളവനോയ്ഡുകള്‍ എന്നിവ ഫ്രീ റാഡിക്കലുകളെ അകറ്റി ഡിഎന്‍എ നാശം തടയുന്നു. ഇത് ചര്‍മത്തിനു പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാനമാണ്.

പല ക്രീമുകളിലും ബ്രഹ്മി ചേരുവയായി ചേര്‍ക്കുന്നു. കാരണം ഇത് മുഖത്തെ പാടുകളും കുത്തുകളും മുഖക്കുരുവുമെല്ലാം നീക്കാന്‍ സഹായിക്കുന്നു.

ബ്രഹ്മിയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നതും കഴിയ്ക്കുന്നതും മുടി വളരാനും മുടിയിലെ നര ഒഴിവാക്കാനും ജരാനരകള്‍ പ്രതിരോധിക്കാനും നല്ലതാണ്.

സ്വരശുദ്ധിയ്ക്കും ഒച്ചയടപ്പു മാറാനും അണുബാധ മാറാനും ബ്രഹ്മിനീര് ഉത്തമമാണ്. ബ്രഹ്മി നീരെടുത്ത് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു ദിവസവും കഴിയ്ക്കുന്നത് ഗുണം നല്‍കും.

കാലിനടിയില്‍ ബ്രഹ്മി അരച്ചിടുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. ബ്രഹ്മി സ്ട്രെസ്, ടെന്‍ഷന്‍ മുതലായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും നല്ലതാണ്. ഇത് ഹോര്‍മോണുകളെ ക്രോഡീകരിച്ച് ഇത്തരം അവസ്ഥകളില്‍ നിന്നും മോചനം നല്‍കുന്നു.

ബ്രഹ്മിനീരും വെണ്ണയും കലര്‍ത്തി രാവിലെ ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കുന്നതും ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമെല്ലാം നല്ലതാണ്. ഓര്‍മക്കുറവിനുള്ള നല്ലൊരു മരുന്നാണ് ബ്രഹ്മി. ഇത് തണലില്‍ വച്ച് ഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിയ്ക്കുന്നത് ഗുണകരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply