പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയായി
പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയായി
വൈക്കം: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അനുഗ്രഹീത പിന്നണിഗായിക ഡോ. വൈക്കം വിജയലക്ഷ്മി ഇന്ന് രാവിലെ വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ച് വിവാഹിതയായി. മിമിക്രി കലാകാരനായ എന്‍.അനൂപ് ആണ് മലയാളത്തിന്റെ വിജയലക്ഷ്മിക്ക് താലി ചാർത്തിയത്.
ഇച്ഛാശക്തികൊണ്ടും കഴിവുകൊണ്ടും വൈകല്യത്തെ തോൽപ്പിച്ച വിജയലക്ഷ്മി ഒരു റിയാലിറ്റി ഷോയിലെ മത്സരാത്ഥിയായാണ് ആദ്യം മലയാളികളുടെ മനസ്സ് കീഴടക്കിയത്. സ്വതസിദ്ധമായ ആലാപന ശൈലിയും ഗായത്രി വീണവാദനത്തിലുള്ള പാണ്ഡിത്യവും സംഗീതലോകത്ത് വിജയലക്ഷ്മിക്ക് വേറിട്ടൊരിടം തന്നെ നേടിക്കൊടുത്തു.
സെല്ലുലോയിഡ് എന്ന കമൽ ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന് തുടങ്ങുന്ന ഗാനമാലപിച്ചുകൊണ്ട് മലയാള സിനിമാഗാനരംഗത്ത് തരംഗമായി മാറിയ വൈക്കം വിജയലക്ഷ്മി നിരവധി പുസ്ക്കാരങ്ങൾ സ്വന്താമാക്കിയിട്ടുണ്ട്. അന്യഭാഷാചിത്രങ്ങളിലും തിരക്കുള്ള ഗായികയാണിപ്പോൾ വിജയലക്ഷ്മി.
പ്രിയ ഗായികയുടെ വിശേഷങ്ങൾക്കായി കാതോർത്തിരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത തന്നെയായിരുന്നു അനൂപുമായുള്ള വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം.സംഗീതം തന്നെയാണ് ഇരുവരെയും കൂട്ടിയിണക്കിയത് എന്ന് അനൂപും പറയുന്നു.
രണ്ട് വർഷം മുൻപ് ഗായികയുടെ വീടിനടുത്തുള്ള കുടുംബക്ഷേത്രത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം വിവാഹാലോചനയിലേക്കെത്തുകയായിരുന്നു. മിമിക്രിയിലും സംഗീതത്തിലും കഴിവ് തെളിയിച്ച അനൂപ് വിജയലക്ഷ്മിയുടെ കൈപിടിക്കുമ്പോൾ രാഗസാന്ദ്രമാകട്ടെ അവരുടെ മുന്നോട്ടുള്ള ജീവിതം എന്നാശംസിക്കാം.
വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വൈക്കം വിജയലക്ഷ്മി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകനാണ് ഇന്റീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയായ അനൂപ്.
Leave a Reply