‘വി.സിയെ ആദ്യം നീക്കണം’; ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ പിന്തുണച്ച് അധ്യാപകര്‍

ന്യൂദല്‍ഹി: പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയ്‌ക്കെതിരെയും വിദ്യാർത്ഥികളെ പിന്തുണച്ചും ജെ.എന്‍.യു അധ്യാപകര്‍ രംഗത്ത്. ജെ.എന്‍.യു.ടി.എ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്കെതിരെ അധ്യാപകര്‍ രംഗത്തെത്തിയത്.

കാഴ്ചയില്ലാത്തവരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ത്ഥികളെ പോലും പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും ഒഴിവാക്കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും അധ്യാപകര്‍ പറഞ്ഞു.അധ്യാപകരെപ്പോലും പൊലീസ് വെറുതെ വിട്ടില്ലെന്നും അധ്യാപകര്‍ ആണെന്ന് പൂര്‍ണബോധ്യമുണ്ടായിട്ടും പൊലീസ് ആക്രമിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വൈദ്യചികിത്സ നല്‍കുന്നതില്‍ കാലതാമസമുണ്ടായി.ചില വിദ്യാര്‍ത്ഥികള്‍ ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. ജെ.എന്‍.യു വൈസ് ചാന്‍സലറെ ആദ്യം നീക്കം ചെയ്യണമെന്നും ജെ.എന്‍.യു.ടി.എ ആവശ്യപ്പെട്ടു.

എല്ലാവരുമായി സംസാരിച്ച് വിഷയം പരിഹരിക്കുന്നതിനും സര്‍വകലാശാലയില്‍ സാധാരണ നില പുന:സ്ഥാപിക്കുന്നതിനുമായി മാനവവിഭവ ശേഷി മന്ത്രാലയം മൂന്ന് അംഗ ഉന്നത തല കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേഷന് ഈ സര്‍വകലാശാല നടത്താന്‍ കഴിവില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് തന്നെ ബോധ്യമായിട്ടുണ്ടെന്നും അതിനാല്‍ വിസി ഉടന്‍ സ്ഥാനം രാജിവെച്ച് പുറത്തുപോകണമെന്നും അധ്യാപകരുടെ സംഘടന ആവശ്യപ്പെട്ടു.

പൊലീസ് മര്‍ദ്ദനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. തലയിലും മറ്റും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അമിത് ഷായുടെ ദല്‍ഹി പൊലീസ് ക്രൂരമായി തല്ലിച്ചതച്ചിരിക്കുന്നു. ഇങ്ങനെയാണോ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യേണ്ടത് എന്നെല്ലാമായിരുന്നു ചിലരുടെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*