പ്രാവ് വട്ടം ചാടി; കാര്‍ സഡന്‍ബ്രേയ്ക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു…ഇരുപതോളം പേര്‍ക്ക് പരിക്ക്

പ്രാവ് വണ്ടിക്ക് മുമ്പില്‍ വട്ടം ചാടിയതിനെ തുടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ ദേശീയപാതയില്‍ പാലാരിവട്ടം ജങ്ഷന് സമീപമായിരുന്നു അപകടം.

റോഡില്‍ പ്രാവിനെ കണ്ടതിനെ തുടര്‍ന്ന് കാര്‍ സഡന്‍ബ്രേയ്ക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ പുറകെ പുറകെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

പ്രാവിനെ കണ്ട് കാര്‍ സഡന്‍ബ്രേക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന രണ്ട് കാറുകളും കണ്ടെയ്നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു.

കണ്ടെയ്നറിന് പിന്നിലിടിച്ച കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മറ്റു വാഹനങ്ങള്‍ക്കൊന്നും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ഗുരുവായൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. കാറുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ വലിയ വാഹനമായതിനാല്‍ ബസ് വേഗത്തില്‍ നിയന്ത്രിക്കാനായില്ലെന്നും കെഎസ്ആര്‍ടിസിയുടെ ഡ്രൈവര്‍ സുനില്‍ പറഞ്ഞു.

പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുന്നിലെ സീറ്റുകളിലെ കമ്പികളിലിടിച്ചാണ് ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. മിക്കവരുടെയും മുഖത്താണ് പരിക്ക്. പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂരിഭാഗം പേരെയും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply