കത്വ പീഡനം: മൂന്ന് പേര്‍ക്ക് ജീവപര്യന്തം

കത്വ പീഡനം: മൂന്ന് പേര്‍ക്ക് ജീവപര്യന്തം

കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പത്താന്‍കോട്ട് കോടതി. മുഖ്യപ്രതികളായ മൂന്ന് പേര്‍ക്ക് ജീവപര്യന്തവും മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ, സാഞ്ചി റാമിന്റെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നീ മൂന്നുപേര്‍ക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആനന്ദ് ദത്ത, സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ വെര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. സുരേന്ദര്‍ വെര്‍മ, തിലക് രാജ് എന്നിവര്‍ക്ക് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിനാണ് ശിക്ഷ നല്‍കിയിരിക്കുന്നത്.

കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ വിളിച്ചുവരുത്തിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച സാഞ്ചി റാമിന്റെ മകന്‍ വിശാലിനെയും പ്രായപൂര്‍ത്തിയാകാത്ത മരുമകനെയും കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. പഠാന്‍കോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്‌വീന്ദര്‍ സിംഗാണ് കേസില്‍ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

2018 ജനുവരി 10 ന് ആയിരുന്നു കത്വായിലെ രസന ഗ്രാമത്തിലെ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് തുടര്‍ച്ചയായി ഏഴ് ദിവസത്തോളം അതി ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തത്. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം. പിന്നീട് കുട്ടിയെ ആദ്യം കഴുത്തൊടിച്ചും പിന്നീട് കഴുത്തില്‍ ഷാള്‍ മുറുക്കിയും കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ തലയില്‍ കല്ലുകൊണ്ട് അടിക്കുകയും ചെയ്തു.

നാടോടി മുസ്ലീങ്ങളായ ബക്കര്‍വാള്‍ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയാണ് ക്രുരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടത്. വര്‍ഗ്ഗീയ ചിന്തയോടെ ആയിരുന്നു ഒന്നാം പ്രതി സഞ്ജി റാം ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പഠിക്കുകയായിരുന്ന സഞ്ജി റാമിന്റെ മകന്‍ വിശാല്‍ ഗംഗോത്രെയെ പീഡനത്തിനായി ഫോണില്‍ വിളിച്ചുവരുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിശാല്‍ ഗംഗോത്രിയെ കോടതി വെറുതേ വിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment