40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി സന്ദര്‍ശിക്കാനെത്തുന്നു

40 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ സിയാല്‍ സൗരോര്‍ജ പദ്ധതി സന്ദര്‍ശിക്കാനെത്തുന്നു

ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ ആഭിമുഖ്യത്തില്‍ 40 രാജ്യങ്ങളുടെ അബാംസഡര്‍/ഹൈക്കമ്മിഷണര്‍മാര്‍ സിയാല്‍ സന്ദര്‍ശനത്തിനെത്തുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ സൗരോര്‍ജ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാനാണ് മെയ് 22 ന് രാഷ്ട്ര പ്രതിനിധികളുടെ സംഘം കൊച്ചിയില്‍ എത്തുന്നത്.

ഇന്ത്യയും ഫ്രാന്‍സും മുന്‍കൈയെടുത്ത് 2015-ല്‍ രൂപവത്ക്കരിച്ച ആഗോള സംഘടനയാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐ.എസ്.എ). 74 രാജ്യങ്ങള്‍ ഇതില്‍ അംഗമാണ്. പരമാവധി രാജ്യങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ച് ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രയം കുറയ്ക്കുക, ഇതിനായി മികച്ച മാതൃകകള്‍ അന്വേഷിക്കുക, 2030 ഓടെ ആയിരം കോടി ഡോളറിന്റെ ഫണ്ട് രൂപവത്ക്കരിക്കുക എന്നിവയാണ് ഐ.എസ്.എയുടെ ലക്ഷ്യങ്ങള്‍.

വലിയ തോതില്‍ ഊര്‍ജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും സൗരോര്‍ജം ഉപയുക്തമാക്കാമെന്ന ആശയം പ്രാവര്‍ത്തികമാക്കിയ സിയാലിനെമികച്ച മാതൃകയായി ഐ.എസ്.എ കാണുന്നു. സമാന പദ്ധതി വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കാനുള്ള സാധ്യത ആരാഞ്ഞാണ് 40 രാഷ്ട്രങ്ങളുടെ അംബാസഡര്‍/ഹൈക്കമ്മിഷണര്‍മാരെ ഐ.എസ്.എ സിയാലില്‍ എത്തിക്കുന്നത്. ബുധനാഴ്ച രാവിലെ 10 ന് എത്തുന്ന സംഘം സിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് പ്രധാന സൗരോര്‍ജ പ്ലാന്റ് സന്ദര്‍ശിക്കും.

2015 ഓഗസ്റ്റ് മുതല്‍ പൂര്‍ണമായും സൗരോര്‍ജത്താലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിപ്ലവകരമായ ആശയം നടപ്പിലാക്കിയതിന് 2018-ല്‍ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ‘ ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് ” ന് സിയാല്‍ അര്‍ഹമായിരുന്നു. നിലവില്‍ എട്ട് പ്ലാന്റുകളിലായി 40 മെഗാവാട്ടിന്റെ മൊത്തം സ്ഥാപിതശേഷിയുണ്ട്.

പ്രതിദിനം ശരാശരി 1.63 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവ ഉത്പാദിപ്പിക്കുന്നു. 1.53 ലക്ഷം യൂണിറ്റാണ് സിയാലിന്റെ പ്രതിദിന ഊര്‍ജാവശ്യം. ഈജിപ്ത്, സെനഗല്‍,നൈജീരിയ, ടാന്‍സാനിയ, നമീബിയ തുടങ്ങി 25 ആഫ്രിക്കന്‍ രാജ്യങ്ങളിലേയും ഫ്രാന്‍സ്, ബ്രസീല്‍, ചിലെ, ബൊളീവിയ, മലേഷ്യ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയും അംബാസിഡര്‍/ഹൈക്കമ്മിഷണര്‍മാരാണ് ബുധനാഴ്ച സിയാലിലെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*