വാട്ടര്‍ അതോറിറ്റിയുടെ കുഴി യുവാവിന്റെ ജീവനെടുത്ത സംഭവം:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി:പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റി എട്ട് മാസം മുമ്ബ് കുഴിച്ച കുഴി യുവാവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പോലിസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

അറ്റകുറ്റപണികള്‍ക്ക് വേണ്ടിയാണ് ജല അതോറിറ്റി കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം.

സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെയും ജല അതോറിറ്റിയെയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍. കുഴി അടയ്ക്കാന്‍ പലതവണ കൗണ്‍സിലര്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അധികൃതര്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.

‘അപകടം ഉണ്ടായ ഭാഗം നന്നാക്കണമെന്ന് അവിടുത്തെ കൗണ്‍സിലര്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടതാണ്.പരിഹാരം ഉണ്ടായില്ല.അടിയന്തരമായി കുഴി അടക്കാന്‍ പിഡബ്ല്യുഡിക്ക് നിര്‍ദ്ദേശം നല്‍കും’ എന്നും മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

ഇരുചക്രവാഹനത്തില്‍ പോകുകയായിരുന്ന യദു കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി റോഡിലേക്ക് തെറിച്ച്‌ വീഴുകയും തൊട്ടുപിന്നാലെയെത്തിയ ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*