ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

ധനകാര്യ സ്ഥാപനത്തില്‍ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം എളമക്കര സ്വദേശിയായ യുവതി അറസ്റ്റില്‍. സൗമ്യ സുകുമാരന്‍ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തുനിന്നാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞമാസം 27 നായിരുന്നു സംഭവം. ഗായത്രി എന്നു സ്വയം പരിചയപ്പെടുത്തിയ യുവതി തന്റെ 18 പവന്‍ പണയത്തിലാണെന്നും അത് ലേലംചെയ്യാന്‍ പോകുകയാണെന്നും തുക തിരിച്ചടച്ച് വീണ്ടും പണയം വയ്ക്കാന്‍ സഹായിക്കണം എന്നുള്ള ആവശ്യവുമായാണ് ധനകാര്യ സ്ഥാപനത്തെ ബന്ധപ്പെട്ടത്.

കോഴിക്കോട് സ്വദേശിനിയായ താന്‍ ചാലക്കുടി കൂടപ്പുഴയിലുള്ള വീട്ടിലാണു താമസമെന്നും ഭര്‍ത്താവ് വിദേശത്താണെന്നും യുവതി സ്ഥാനപനത്തിലെ ജീവനക്കാരോടു പറഞ്ഞു. സൗമ്യയുടെ നിര്‍ദ്ദേശ പ്രകാരം ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലുള്ള എസ്.ബി.ഐ. ശാഖയില്‍ ജീവനക്കാര്‍ പണവുമായി എത്തുകയും തുടര്‍ന്ന് ബാങ്ക് അധികൃതരുമായി താന്‍ സംസാരിക്കാമെന്ന് വിശ്വസിപ്പിച്ച് കൗണ്ടറിലെത്തി പുതിയ അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുകയും 2.12 ലക്ഷം രൂപ പണയം എടുക്കാനെന്ന നിലയില്‍ ജീവനക്കാരില്‍ നിന്നും വാങ്ങുകയായിരുന്നു.

പിന്നീട് കുറച്ചു സമയം കൗണ്ടറിലെ ക്യൂവില്‍ തന്നെ നിന്ന യുവതി അല്‍പസമയത്തിനുശേഷം ബാങ്കിലെ ശൗചാലയത്തിലേക്ക് പോവുകയും തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന പര്‍ദ ധരിച്ച് പണവുമായി സ്ഥലം വിട്ടു. പര്‍ദ ധരിച്ചെത്തിയ സ്ത്രീ പുറത്തേയ്ക്കു പോകുന്നതില്‍ സംശയം തോന്നിയ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ യുവതിയെ പിന്തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല. തിരികെ ബാങ്കിലെത്തി വിവരം തിരക്കിയപ്പോഴാണ് യുവതിയുടെ കള്ളക്കളി മനസിലായത്.

തുടര്‍ന്ന് ബാങ്കിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് എറണാകുളം, കൊച്ചി മേഖലകളില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ അംഗങ്ങള്‍ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply