വെട്ടേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍

വെട്ടേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍

കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ വീട്ടമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ താനാകുളം അമ്മൂസ് ദേവസ്വം പറമ്പില്‍ ബാലു മേനോന്റെ ഭാര്യ സരസ്വതി (47) യെ ആണ് വെട്ടേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വാടയ്ക്കല്‍ തൈപറമ്പ് വീട്ടില്‍ മണിയപ്പന്‍ (66) ആണ് സരസ്വതിയുടെ ചായക്കടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഇലരെ വെട്ടി പരിക്കേല്‍പ്പിച്ചത്.

ഭക്ഷണം കഴിച്ച ശേഷം ഇയാള്‍ സരസ്വതിക്ക് 500 രൂപ നോട്ട് കൊടുക്കുകയും അവര്‍ അതിന്റെ ബാക്കി തിരിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ അല്പസമയത്തിനു ശേഷം ഇയാള്‍ തിരിച്ചെത്തുകയും ബാക്കി നല്‍കിയില്ലെന്ന് ആരോപിച്ച് വഴക്കുണ്ടാക്കുണ്ടാക്കുകയും കൈയ്യില്‍ കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച് സരസ്വതിയുടെ തലയ്ക്കും, കൈക്കും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

സരസ്വതിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ശേഷം ഓടി രക്ഷപെടാന്‍ ഒരുങ്ങിയ മണിയപ്പനെ നാട്ടുകാര്‍ പിടികൂടി തടഞ്ഞുവെച്ച് പുന്നപ്ര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പുന്നപ്ര എസ്.ഐ അബ്ദുദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ സിദ്ധിഖ്, സി.പി.ഒമാരായ അജീഷ്, ബിജോയ്, വിനോദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

26 വര്‍ഷം മുന്‍പ് സ്വന്തം പിതാവിനെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് മണിയപ്പന്‍. ഇയാളെ അമ്പലപ്പുഴ കോടതി റിമാന്റു ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply