നിലയ്ക്കലില്‍ ഭക്തയുടെ ആത്മഹത്യാ ശ്രമം ; ശബരിമലയ്ക്ക് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ ഭക്തജനങ്ങള്‍ തടഞ്ഞു
ശബരിമലയ്ക്ക് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ ഭക്തജനങ്ങള്‍ തടഞ്ഞു
പമ്പ : നിലയ്ക്കലില്‍ ഭക്തയുടെ ആത്മഹത്യാ ശ്രമം. സരസമ്മയെന്ന ഭക്തയാണ് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസ് ഏറെ ശ്രമപ്പെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ നിലയ്ക്കലിൽ വിശ്വാസികളുടെ അനധികൃത പരിശോധന ശക്തമായി തുടരുന്നു. ‘ആചാരസംരക്ഷണ സമിതി’ എന്ന പേരില്‍ നിലയ്ക്കലില്‍ ക്യാംപ് ചെയ്യുന്ന ഒരു വിഭാഗം വിശ്വാസികളാണ് ഇതിന് പിന്നിൽ. നിലയ്ക്കലിലെക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകളിൽ യുവതികൾ ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടേ ഇവർ വാഹനങ്ങൾ കടത്തിവിടുന്നുള്ളു. വിദ്യാര്‍ത്ഥിനികളടക്കമുള്ളവരെ ബലം പ്രയോഗിച്ച് പുറത്തിറക്കാൻ സ്ത്രീകൾ തന്നെയാണ് മുന്നിൽ.
ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ടിവി 9 ചാനലിലെ വനിതാമാധ്യമപ്രവര്‍ത്തക ദേവിയെയും ഇത്തരത്തിൽ പ്രതിഷേധക്കാർ തടഞ്ഞുവച്ചു. മാധ്യമ പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ ദിവസം ജോലിസംബന്ധമായാണ് ഇവിടെ എത്തിയെന്നും ഇവര്‍ ആവര്‍ത്തിച്ച് പറഞെങ്കിലും പ്രതിഷേധക്കാര്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. അല്പം മുൻപ് മറ്റൊരു മാധ്യമ പ്രവര്‍ത്തകയും വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരികെ പോയിരുന്നു.
സ്ത്രീകൾക്ക് പമ്പ വരെ പോകാമെന്നിരിക്കെയാണ് പകുതി വഴിയ്ക്ക് വച്ച് തന്നെ യുവതികളെ പ്രതിഷേധക്കാര്‍ തടയുന്നത്. ഇക്കാര്യത്തിൽ കൃത്യമായ ഒരു തീരുമാനം വരും വരെ യുവതികളെ തടയുമെന്നാണ് സമരാനുകൂലികൾ പറയുന്നത്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നാണ് ഇവരുടെ വാദം.
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴി തടയല്‍ നടക്കുന്നത്. പ്രതിഷേധം ആളിക്കത്തുന്ന നേരമായിട്ടും അത് വഴി കടന്നുപോകുന്ന സ്ത്രീകളുടെ സുക്ഷയ്ക്കായി യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.അതേസമയം, നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ തുലാമാസ പൂജസമയത്ത് സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കുകയില്ല എന്നും റിപ്പോർട്ടുകളുണ്ട്.
Leave a Reply