ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്‌കാരവും, ശില്‍പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും

ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്‌കാരവും, ശില്‍പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും

കൊച്ചി: അന്താരാഷ്ട്ര ഓട്ടിസം ദിനത്തോടനുബന്ധിച്ച് ‘പ്രേരണ’ നൃത്താവിഷ്‌കാരവും, സംഗീത വിരുന്നും, ശില്‍പശാലയും സംഘടിപ്പിക്കും.

പ്രശസ്ത ഒഡീസ്സി നര്‍ത്തകിയും ഭിന്നശേഷിക്കാരായ കുട്ടികളുടെ ആര്‍ട്ട് തെറാപ്പി-യോഗ പരിശീലകയുമായ സന്ധ്യാ മനോജിന്റെ നേതൃത്വത്തിലാണ് പ്രേരണ എന്ന നൃത്താവിഷ്‌ക്കാരവും, ഓട്ടിസബാധിതരായ കുട്ടികളുടെ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുള്ള എന്‍ റിച്ച് 23 ശില്‍പ്പശാലയും, ലെറ്റസ് സിംഗ് കളേഴ്‌സ് എന്ന സംഗീത വിരുന്ന് തുടങ്ങിയ പരിപാടികള്‍ നടക്കുക.

ഏപ്രില്‍ രണ്ട് ഞായറാഴ്ച എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ വൈകുന്നേരം 5.30 മുതല്‍ 9 വരെയാണ് പരിപാടി. കൊച്ചിയിലെ പരിപാടിക്ക് പുറമേ ഏപ്രില്‍ മധ്യത്തോടെ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ വേദിയിലും പരിപാടികള്‍ അരങ്ങേറും.

പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍, അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നര്‍ത്തകരുടെ സംഘടനയായ ഐഡ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ സാമൂഹ്യ സേവന രംഗത്ത് മുദ്ര പതിപ്പിച്ച സംഘടനകളായ ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ്, ചാവറ കള്‍ച്ചറള്‍ സെന്റര്‍, ലോറം സി എസ് ആര്‍ ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കൊച്ചിയില്‍ ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഒഡീസിയുടെയും ഭരതനാട്യത്തിന്റെയും സങ്കലനാവിഷ്‌ക്കാരമായി അവതരിപ്പിക്കുന്ന പ്രേരണയുടെ ആശയാവിഷ്‌കാരവും കോറിയോഗ്രാഫിയും നിര്‍വ്വഹിച്ചിരിക്കുന്നത്

സന്ധ്യാ മനോജാണ്. സംഗീത സംവിധാനം അച്യുതന്‍ ശശിധരന്‍ നായരും, ഗാനരചന സുധയും നിര്‍വ്വഹിച്ചു. മലേഷ്യ, മുംബൈ എന്നിവടങ്ങളില്‍ നിന്നുള്ള അച്യുതന്‍ ശശിധരന്‍ നായര്‍ (കര്‍ണ്ണാട്ടിക് വയലിനിസ്റ്റ്), മുത്തുരാമന്‍ (മൃദംഗം), രോഹന്‍ സുരേഷ് ദാഹലെ (ഒഡീസ്സി മര്‍ദല), ബിജീഷ് കൃഷ്ണ (വോക്കല്‍) എന്നീ അതുല്യ വാദ്യകലാകരന്മാര്‍ അണിചേരുന്നു.

യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള പ്രചോദനത്താല്‍ രൂപം കൊണ്ട പ്രേരണ എന്ന നൃത്താവിഷ്‌ക്കാരം, ഓട്ടിസ ബാധിതയായ തന്റെ മകളുമൊത്തുള്ള ഒരമ്മയുടെ ജീവിതയാത്രയാണ് രംഗവേദിയില്‍ ഇതള്‍ വിരിയുന്നത്.

അമ്മയുടെ വേഷം ഒഡീസ്സി നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്ന സന്ധ്യക്കൊപ്പം ഭരതനാട്യ ചുവടുകളുമായി എത്തുന്ന മലേഷ്യന്‍ നര്‍ത്തകിയായ കൃതിക രാമചന്ദ്രന്‍ ഓട്ടിസ ബാധിതയായ കുട്ടിയുടെ രംഗാവിഷ്‌ക്കാരം നിര്‍വ്വഹിക്കുന്നു.

എന്‍ റിച്ച് 23 എന്ന ഭിന്നശേഷിക്കാരായ വിശിഷ്യ ഓട്ടിസബാധിതരായ കുട്ടികളുടെ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഒരു ശില്‍പ്പശാലയാണ്. ഡോ.സീമ ഗിരിജ ലാല്‍, ഡോ. കെ നരേഷ് ബാബു, വര്‍ഷ ശരത്, സൂസന്ന സിജോ എന്നിവരാണ് ശില്‍പ്പശാല നയിക്കുന്നത്.

ലെറ്റസ് സിംഗ് കളേഴ്‌സ് എന്ന സംഗീത വിരുന്നില്‍ റേഡിയോ അവതാരകനും ഗായകനുമായ ടി പി വിവേകിനും യുവ ഗായിക ശ്രുതി സജിക്കുമൊപ്പം എത്തുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാലയമായ ആദര്‍ശ് സ്‌കൂളിലെ പ്രതിഭകളാണ്.

എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍, ഡോ. കെ നരേഷ് ബാബു, ലോറം സി എസ് ആര്‍ വിഭാഗം കോര്‍ഡിനേറ്റര്‍ ബോണി ജോണ്‍, ഒഡീസ്സി നര്‍ത്തകിയും ഭിന്ന ശേഷിക്കരായ കുട്ടികളുടെ ആര്‍ട്ട് തെറാപ്പിസ്റ്റും യോഗ പരിശീലകയും ഐഡയുടെ ഡയറക്ടറുമായ സന്ധ്യാ മനോജ്, പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ടി പി വിവേക് എന്നിവര്‍ പങ്കെടുത്തു.
വിശദ വിവരങ്ങള്‍ക്ക്-സനു സത്യന്‍ 8137033177.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*