കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍

കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍

യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അര്‍ജുന്‍ (20) ആണ് കൊലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. കൃത്യം നടത്തിയവരുടെ മൊഴിയില്‍ നിന്നാണു മൃതദേഹം അര്‍ജുന്റേതാണെന്ന സൂചന ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.

ജൂലൈ രണ്ട് മുതല്‍ അര്‍ജുനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. അര്‍ജുനെ കൊന്നു ചതുപ്പില്‍ താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് സ്ഥലം കണ്ടെത്തി തിരച്ചില്‍ നടത്തിയത്.

അര്‍ജുനനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നെട്ടൂരിലെ ചതുപ്പില്‍ താഴ്ത്തിയെന്ന വിവരം ലഭിച്ചത്. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു.

കൃത്യം നടത്തിയെന്നു കരുതുന്നവരില്‍ ഒരാളുടെ സഹോദരന്‍ അര്‍ജുനുമൊത്തു പോകുമ്‌ബോള്‍ കളമശേരിയില്‍ വച്ച് ഒരു വര്‍ഷം മുന്‍പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു.

ഇത് അപകടമരണം അല്ലെന്നും അര്‍ജുനെയും ഇതേ രീതിയില്‍ വധിക്കുമെന്നും ഇയാള്‍ പറഞ്ഞതായി അര്‍ജുന്റെ ബന്ധുക്കള്‍ പറയുന്നു.

അര്‍ജുനുമായി അടുത്ത കാലത്ത് സൗഹൃദത്തിലായ ഇയാള്‍ 2നു രാത്രി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അര്‍ജുനെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നത്രേ. നെട്ടൂരില്‍ എത്തിച്ച ശേഷം മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്നാണു സൂചന.

കുറച്ചു ദിവസമായി ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരവാസികള്‍ പറഞ്ഞു. അതേസമയം അര്‍ജുനെ കാണാനില്ലെന്ന പരാതി പോലീസ് ഗൗരവമായി അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

അര്‍ജുന്റെ തിരോധാനത്തില്‍ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇവരെ ചോദ്യം ചെയ്തുവിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇതോടെ ബുധനാഴ്ച അര്‍ജുന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഇതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പോലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*