നെടുങ്കണ്ടത്തു നിന്നും മോഷ്ടിച്ച ബൈക്കുമായി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മോഷ്ടിച്ച ബൈക്കുമായി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ ഊരാണികുളം സ്വദേശിയായ ഗൗതം (19) ആണ് പിടിയിലായത്. പ്രതി നെടുങ്കണ്ടത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നെടുങ്കണ്ടത്ത് കിഴക്കേ കവലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് ടൗണില്‍ കറങ്ങി നടന്ന ശേഷം ഗൗതം മോഷ്ടിച്ചത്. ബോഡിമെട്ട് വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു നീക്കം.

നെടുങ്കണ്ടത്ത് നിന്ന് ബോഡിമെട്ടിലേയ്ക്കു കോമ്പയാര്‍ വഴി പോയ ഗൗതം വഴി അറിയാത്തതിനെ തുടര്‍ന്ന് നാട്ടുകാരോട് വഴി തിരക്കി. എന്നാല്‍ വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് മടക്കി വെച്ചിരിക്കുന്നതും വാഹനം ഓഫ് ചെയ്യാന്‍ യുവാവ് തയ്യാറാവാതിരുന്നതും നാട്ടുകാരില്‍ സംശയം വര്‍ധിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം ബൈക്ക് കാണാനില്ലെന്ന് ചൂണ്ടികാട്ടി നെടുങ്കണ്ടം സ്വദേശിയായ പള്ളിത്താഴെ ഷിഹാബ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗൗതമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നെടുങ്കണ്ടത്ത് നിന്ന് മോഷണം പോയ ബൈക്കാണതെന്ന് കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment